നമ്മുടെ ഉപബോധമനസിനു ജീവിതത്തെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ട്. മനഃശാസ്ത്രജ്ഞനായ ഫ്രോയ്ഡ് മനസിനെ മൂന്നായി തിരിച്ചിട്ടുണ്ട്. നാം പെരുമാറുന്ന നിമിഷത്തിലെ മനസാണ് ബോധമനസ്. അത് പെട്ടെന്നു തീരുമാനമെടുക്കുന്നു. ഉപബോധമനസിലാണ് ഓർമകൾ സൂക്ഷിച്ചിരിക്കുന്നത്. ചിന്തകൾ, കണക്കൂകൂട്ടലുകൾ, പദ്ധതികൾ തുടങ്ങിയവയെല്ലാം ഉപബോധമനസിലുണ്ട്. ക്രമീകരണം അവിടെയാണ്.
മനസിന്റെ ഓട്ടോമാറ്റിക് പ്രവർത്തനം ഉപബോധമനസിൽ സെറ്റ് ചെയ്തു വച്ചിരിക്കുന്ന അറിവുകളുടെ ഫലമാണ്. ഇത് ശാരീരികവും മാനസികവുമായി ക്രമീകരിക്കാൻ സഹായിക്കുന്നു. അബോധമനസ് നമുക്ക് അജ്ഞാതമാണ്. എന്നാൽ അത് നമ്മെ നിയന്ത്രിക്കുന്നു. ഇതുവരെ ജീവിച്ചതും മാനവരാശിയുടെ ജീവിതത്തിന്റെ തുടർച്ചകളും അബോധത്തിലേക്ക് പിൻവാങ്ങിയിരിക്കുകയാണ്. അത് സ്വപ്നത്തിൽ വേറൊരു രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. അബോധത്തിൽ അമർത്തിവച്ചിരിക്കുന്ന ആഗ്രഹങ്ങളുണ്ട്.അത് ചിലപ്പോൾ ഭ്രാന്തമായി കടന്നുവന്ന് നമ്മുടെ പെരുമാറ്റത്തെ നിയന്ത്രിക്കാം.
ഐറിഷ് മനഃശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഡോ. ജോസഫ് മർഫി എഴുതിയ ‘പവർ ഓഫ് യുവർ സബ്കോൺഷ്യസ് മൈൻഡ്’ എന്ന ഗ്രന്ഥം, മനസിനെ എങ്ങനെയാണ് ക്രമീകരിക്കേണ്ടതെന്നും അതിലൂടെ എങ്ങനെയാണ് സന്തോഷം വരുന്നതെന്നും വിശദീകരിക്കുന്നു.
അബോധം മാത്രമല്ല ഉപബോധവും അഗാധമാണ്. ഭയങ്ങളിലാണ്ടുപോകാതെ നമ്മെക്കുറിച്ചുള്ള ചിന്തകളെ പ്രതീക്ഷയോടെ മാറ്റിമറിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ഈ ഗ്രന്ഥത്തിൽ മർഫി സൂചിപ്പിക്കുന്നത് ഉപബോധമനസിന്റെ മാന്ത്രികത തിരിച്ചറിയുകയാണെങ്കിൽ അദ്ഭുതം സംഭവിക്കുമെന്നാണ്.
ഒരു മനുഷ്യൻ എന്താണെന്നതിന് ഒരു നിർവചനമേയുള്ളൂ - അവൻ എന്താണ് ഉപബോധമനസിൽ കൊണ്ടുനടക്കുന്നത്, അതാണ് അവൻ. വെറുപ്പ് അല്ലെങ്കിൽ വിപ്രതിപത്തി മാനസികമായ വിഷമാണ്. മറ്റൊരാളെക്കുറിച്ച് വികലമായി ചിന്തിക്കുമ്പോൾ അത് ക്രമേണ നിങ്ങളെക്കുറിച്ചു തന്നെയുള്ള ചിന്തയാകുന്നു. “നിങ്ങളുടെ ലോകത്ത് ചിന്തിക്കുന്ന ഒരേയൊരാൾ നിങ്ങൾ മാത്രമാണ്.” നിങ്ങളുടെ ചിന്തകൾ സർഗാത്മകമാണ്. നിങ്ങൾ ചിന്തിച്ചില്ലെങ്കിൽ നിങ്ങളുടെ ലോകം ഇരുട്ടിലാണ്ടു പോകും. അവിടെ വെളിച്ചം വരുത്താൻ നിങ്ങൾക്കല്ലാതെ മറ്റാർക്കും കഴിയില്ല.
മർഫി എഴുതുന്നു: “എല്ലാറ്റിനുമുള്ള ഉത്തരം ഉപബോധമനസിലുണ്ട്. ഉറങ്ങുന്നതിനുമുമ്പ് നിങ്ങൾ മനസിനോട് പറയുന്നു, രാവിലെ ആറു മണിക്ക് എഴുന്നേൽക്കണമെന്ന്. കൃത്യസമയത്തു മനസ് നിങ്ങളെ വിളിച്ചുണർത്തും. ഈ മനസാണ് ശരീരത്തെ നിർവചിക്കുന്നത്. ഇതാണ് മുറിവുകൾ ഉണക്കുന്നത്. നിങ്ങൾക്ക് ഒരു നല്ല പുസ്തകം എഴുതണമെന്നോ പ്രഭാഷണം ചെയ്യണമെന്നോ ആഗ്രഹമുണ്ടെങ്കിൽ ഈ കാര്യം സ്നേഹത്തോടെ, വികാരത്തോടെ ഉപബോധമനസിനോട് പറയുക. തീർച്ചയായും അതിന് അനുകൂലമായി മനസ് പ്രതികരിക്കും.”
ഓരോ വ്യക്തിക്കും അവന്റെ ഉപബോധമനസാണ് നിർദേശങ്ങളും ഉത്തരവുകളും കൊടുക്കുന്നത്. എന്താണോ നമ്മുടെ ചിന്തയിൽ ആധിപത്യം പുലർത്തുന്നത്, അതാണ് നമ്മൾ. ചീത്ത ചിന്തകളാണുള്ളതെങ്കിൽ ചീത്ത ലക്ഷ്യങ്ങളിൽ ചെന്നിടിച്ച് തകരും. നല്ല ചിന്തകളും ലക്ഷ്യങ്ങളുമുണ്ടെങ്കിൽ ഫലം ആ വഴിക്കാണ് വരിക. നിങ്ങൾ സ്വയം പറയുന്നതിനു വലിയ ശക്തിയുണ്ട്. നമ്മുടെ സ്ഥിരമായ ബുദ്ധിയും ലക്ഷ്യബോധവുമുണ്ട്. ഞാൻ പരാജയപ്പെടും, തൊഴിൽ നഷ്ടപ്പെടും എന്നൊന്നും ചിന്തിക്കരുത്. അത് മനസിനെ ആ വഴിക്ക് പോകാൻ പ്രേരിപ്പിക്കും. സ്വയം പറയുന്നതൊന്നും തമാശയല്ല. അവിടെ മനസ് ഒരു നിർദേശം ഉൾക്കൊള്ളുകയാണ്. ഉപബോധമനസിനെ ഏത് ആശയമാണോ പരിചയപ്പെടുത്തുന്നത് അതായിരിക്കും അനുഭവമായി വരിക.
നാം ‘അന്വേഷിക്കുന്നത് കണ്ടെത്തു’മെന്ന മഹാവാക്യത്തിന്റെ പൊരുളിതാണ്.
പൂർത്തിയാക്കാത്ത ആഗ്രഹങ്ങൾ മനസിനു ഭാരം സൃഷ്ടിക്കുന്നു. പ്രതിബന്ധങ്ങളെക്കുറിച്ചും കാലതാമസത്തെക്കുറിച്ചുംമാത്രം ചിന്തിച്ചുകൊണ്ടിരുന്നാൽ ഉപബോധമനസ് അതാണ് സ്വീകരിക്കുക: പ്രതിബന്ധങ്ങൾ തുടരും. അതുകൊണ്ട് ബോധമനസിൽ എപ്പോഴും നല്ലതിനുള്ള ആഗ്രഹം നിലനിർത്തുകയാണു വേണ്ടത്. അങ്ങനെ നിങ്ങളുടെ ഉപബോധമനസ് ഈ ചിന്തയെ പുനരുല്പാദിപ്പിച്ചുകൊണ്ടിരിക്കും. പ്രവൃത്തിയുടെ കാരണവും പ്രതികരണവും പ്രാപഞ്ചികമാണ്. ഒരു കാരണത്തിൽനിന്ന് ഫലമുണ്ടാകുന്നു. നിങ്ങളുടെ ചിന്തയാണ് പ്രവൃത്തി. പ്രതികരണമെന്നത് ഉപബോധമനസ് നൽകുന്ന സ്വാഭാവിക നിർദേശമാണ്. അതുകൊണ്ട് ചിന്തകളെ എപ്പോഴും നിരീക്ഷിക്കണം. പണക്കാരനാവണമെങ്കിൽ ദാരിദ്ര്യമാണ് നല്ലതെന്നും അതാണ് ആദർശമെന്നും വിചാരിച്ചുകൊണ്ടിരുന്നാൽ സാധ്യമല്ല. പണത്തെ സ്നേഹിക്കണം. അപ്പോൾ പണമുള്ളവരെയും സ്നേഹിക്കണം. പണമുണ്ടാക്കാനുള്ള വഴികളെ ആദരവോടെ കാണണം. പണമുണ്ടാക്കുന്നവരോട് അസൂയ, വെറുപ്പ് തുടങ്ങിയ വികാരങ്ങൾ പാടില്ല. പണമുള്ളവരുടെ ജീവിതരീതികൾ, ശരീരഭാഷ, നോട്ടം തുടങ്ങിയവയെല്ലാം അംഗീകരിക്കണം. ഈ പ്രവൃത്തികളിലൂടെ നിങ്ങളുടെ ഉപബോധമനസ് നിങ്ങളുടെ ആഗ്രഹത്തെ പൂർണമായി ഉൾക്കൊള്ളുന്നു. അപ്പോൾ നിങ്ങൾ പണത്തിലേക്ക് ആകർഷിക്കപ്പെടും.
“അസൂയയും അസഹിഷ്ണുതയും സമ്പത്തിന്റെ ഒഴുക്കിനു തടസങ്ങളായി വർത്തിക്കുന്നു. മറ്റുള്ളവരുടെ സുഭിക്ഷതയിൽ സന്തോഷിക്കുക”-മർഫി ഓർമിപ്പിക്കുന്നു. എന്താണ് ഇതിന്റെ അർത്ഥം? സമ്പന്നനോട് അസൂയ തോന്നുമ്പോൾ സമ്പന്നനാകാനുള്ള സാധ്യത അടഞ്ഞുപോകും. കാരണം, സമ്പന്നതയെ നാം വെറുക്കുന്നു എന്നാണ് ഉപബോധമനസിലേക്ക് വരുന്ന ആശയം.
മറ്റുള്ളവരുടെ ഭൗതികമായ സമൃദ്ധിയിൽ സന്തോഷിക്കുമ്പോൾ നിങ്ങളുടെ ചിന്തകൾ ആ വികാരത്തിലേക്ക് അടുക്കും. പുതിയ വഴികൾ തേടാൻ അത് നിങ്ങളെ പ്രാപ്തമാക്കുന്നു. മാർഗമധ്യേ ഒരു വഴി കാണുന്നു. പെട്ടെന്ന് നിങ്ങൾ വിചാരിക്കുകയാണ് ആ വഴിയെ പോയാൽ തടസമായിരിക്കുമെന്ന്. പിന്നെ ആ വഴി ഉപേക്ഷിക്കുന്നു. ഇതിനു കാരണം ഉപബോധമനസിന് ലഭിച്ച പാഠങ്ങളാണ്. നിങ്ങൾക്കു വേണ്ട യഥാർഥ വഴി തെരഞ്ഞെടുക്കാൻ ഉപബോധമനസിനെ പ്രാപ്തമാക്കേണ്ടതുണ്ട്.
മർഫി ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രധാന കാര്യം ഇതാണ്: “ദാരിദ്ര്യത്തിന് ഒരു മഹത്വവുമില്ല. അത് മനസിന്റെ ഒരു രോഗമാണ്. ഈ മാനസിക പ്രശ്നത്തെ, കുഴപ്പത്തെ നിങ്ങൾതന്നെ ചികിത്സിച്ചു മാറ്റണം. നിങ്ങൾ ഇവിടെ വന്നിരിക്കുന്നത് ഒരു കുടിലിൽ താമസിക്കാനല്ല, കീറിയ പഴന്തുണി ധരിച്ചു നടക്കാനല്ല, വിശന്നു നടക്കാനല്ല. നല്ല സുഭിക്ഷതയിൽ ജീവിക്കാനാണ്.” നിങ്ങളിലേക്കുള്ള പാത നിങ്ങൾ തന്നെ വേലികെട്ടി അടച്ചാൽ പിന്നെയെങ്ങനെ ആഗ്രഹം സഫലമാകും? പരീക്ഷയ്ക്ക് ഉയർന്ന മാർക്ക് വേണമെങ്കിൽ അതിനായി നന്നായി ആഗ്രഹിക്കണം. അപ്പോഴാണ് പ്രവർത്തിക്കുന്നത്. നിങ്ങൾ വാതിലുകൾ തുറന്നിടുക. അങ്ങനെ വഴിയിലെ തടസങ്ങൾ നീക്കുക. ദുഷിച്ച ചിന്തകളും പ്രവൃത്തികളുമാണ് തടസങ്ങൾ. ലോകത്തിന്റെ വിജയത്തെ ആശീർവദിക്കുക. ഇത് ആശീർവാദം നിങ്ങളിലേക്ക് വരാനുള്ള വഴി തുറക്കുകയാണ്.
മനസിനെ കാണാനാവില്ലെങ്കിലും മനസുണ്ടെന്ന് നമുക്കറിയാം. ആത്മചൈതന്യത്തെ കാണാനാകില്ലെങ്കിലും കലാകാരന്മാരുടെയും സംഗീതജ്ഞന്മാരുടെയും പ്രഭാഷകന്മാരുടെയും എഴുത്തുകാരുടെയും ആത്മചൈതന്യാനുഭവം യഥാർഥമാണെന്നു നമുക്കറിയാം. അത് യഥാർഥമായതുകൊണ്ടാണ് അവരുടെ സൃഷ്ടികൾ ആസ്വദിക്കാൻ കഴിയുന്നത്. അതുപോലെ നന്മ, സത്യം, സൗന്ദര്യം തുടങ്ങിയ മൂല്യങ്ങൾ നിങ്ങളുടെ മനസിൽ യഥാർഥമായിരിക്കുന്നു. ജീവിതത്തെ കാണുന്നില്ലെങ്കിലും ജീവിക്കുകയാണെന്ന് അറിയുന്നുണ്ട്.