ന്യൂഡൽഹി: “എന്റെ ജീവനുവേണ്ടിയാണ് ഞാൻ അവിടെ പോരാടിക്കൊണ്ടിരുന്നത്. എന്നാൽ മറ്റുള്ളവരെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു’’-അബുദാബിയിലെ ആശുപത്രിക്കിടക്കയിൽ കിടന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഈ വാക്കുകൾ പറയുമ്പോൾ, ആ കണ്ഠങ്ങളിൽ നടുക്കത്തിന്റെ വിറയലും ഒപ്പം 180 പേരുടെ ജീവൻ കാത്ത വീര്യത്തിന്റെ അഭിമാനവുമുണ്ടായിരുന്നു.
മരണമുഖത്തുനിന്നു വിമാനം തിരിച്ചുപിടിച്ച ഭയാനകമായ ആ നിമിഷങ്ങൾ ആദ്യമായി ലോകത്തോട് പങ്കുവയ്ക്കുകയായിരുന്നു ക്യാപ്റ്റൻ സ്മിത്.
“രക്തത്തിൽ കുളിച്ച് തറയിൽ കിടക്കുമ്പോൾ വിമാനം താഴേക്കു പതിക്കുന്നത് ഞാൻ അറിഞ്ഞു. ഇനി എഴുന്നേറ്റില്ലെങ്കിൽ എല്ലാം അവസാനിക്കുമെന്ന് തോന്നി. നിരന്തരം ആക്രമിക്കപ്പെടുമ്പോഴും ഞാൻ എന്നോടുതന്നെ പറഞ്ഞു,
സ്മിത്, അവസാനമായി ഒരൊറ്റ ശ്രമംകൂടി... കോക്പിറ്റിന്റെ വാതിൽ തൊട്ടടുത്തുണ്ട്. ആ ശക്തിയിൽ ഞാൻ വാതിൽ അൺലോക്ക് ചെയ്തു നൽകി. ആ നിമിഷമാണ് യാത്രക്കാർക്ക് ഉള്ളിലേക്ക് കടന്നുവരാനും അക്രമിയെ കീഴടക്കാനും സാധിച്ചത്. ’’- സ്മിത് ഓർത്തെടുത്തു.
സംഭാഷണത്തിനിടയിൽ വിതുമ്പിക്കരഞ്ഞ സ്മിതിനോട്, “എന്നോടു കരഞ്ഞില്ലെങ്കിൽ താങ്കൾ വേറെ ആരോടാണ് കരയുക” എന്ന് പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. തുടർന്ന് ഇരുവരും ഗുജറാത്തി ഭാഷയിലാണു സംസാരിച്ചത്. സ്മിതിന്റെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി രാജ്യമൊട്ടുക്കും പ്രത്യേക പ്രാർഥനകൾ നടക്കുന്നുണ്ടെന്നും മോദി അറിയിച്ചു.