ശാസ്താംകോട്ട : കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് കാട്ടൂർ കിഴക്കതിൽ സോമന്റെയും ലതികയുടെയും മകൻ സുധി സോമൻ (15) ആണ് മരിച്ചത്. പോരുവഴി ഗവ. എച്ച്എസ്എസിലെ വിദ്യാർഥിയാണ്.
ഇന്നലെ രാവിലെ 9.30 ന് മുതുപിലാക്കാട് അശ്വതി ജംഗ്ഷന് സമീപത്തെ കണ്ണാടി കുളത്തിലാണ് അപകടം നടന്നത്. ഭരണിക്കാവിലെ ട്യൂഷൻ സ്ഥാപനത്തിൽ ക്ലാസ് കഴിഞ്ഞ് മടങ്ങിയ സുധി മറ്റ് നാല് സുഹൃത്തുക്കൾക്കൊപ്പം കണ്ണാടി കുളത്തിലെത്തുകയായിരുന്നു. കുളത്തിലേക്ക് ഇറങ്ങിയ സുധി മുങ്ങിത്താഴുന്നത് കണ്ട് കൂടെയെത്തിയവർ നിലവിളിച്ചു. സമീപ വാസികളായ ചിലർ ചേർന്ന് സുധിയെ കരയ്ക്കെത്തിച്ചു.
സംഭവമറിഞ്ഞ് ശാസ്താംകോട്ട അഗ്നിരക്ഷാ സേനയും എത്തി. ഉടൻ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 10 ന് പോരുവഴി ഗവ. എച്ച്എസ്എസിൽ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. സഹോദരൻ: സേതു സോമൻ.