കൊച്ചി: ജയ്പുരില്‍ നടന്ന നേത്രരോഗവിദഗ്ധരുടെ ദേശീയ സമ്മേളനത്തില്‍ ഓര്‍ബിറ്റ്-ഒക്കുലോപ്ലാസ്റ്റി വിഭാഗത്തിലെ ദേശീയതലത്തിലുള്ള ഏറ്റവും മികച്ച മെഡിക്കല്‍ ശാസ്ത്രീയ പഠനാവതരണത്തിനുള്ള സുജാത സാവിത്രി റാവു പുരസ്കാരത്തിന് കൊച്ചി ഗിരിധര്‍ ഐ ഹോസ്പിറ്റലിലെ ഓര്‍ബിറ്റ്-ഒക്കുലോപ്ലാസ്റ്റി വിഭാഗം മേധാവി ഡോ.മരിയന്‍ പോളി അര്‍ഹയായി.
കണ്ണും അതിന്റെ അനുബന്ധ ഘടനകളും സ്ഥിതിചെയ്യുന്ന തലയോട്ടിയിലെ അറയാണ് ഓര്‍ബിറ്റ്. ഇത് കണ്ണുഗോളത്തെയും അതിനോടുചേര്‍ന്നുള്ള പേശികള്‍, രക്തക്കുഴലുകള്‍, ഞരമ്പുകള്‍ എന്നിവയെയും സംരക്ഷിക്കുന്നു.
രോഗബാധിതമായോ അപകടങ്ങള്‍ മൂലമോ രൂപഭംഗി നഷ്ടപ്പെട്ട കണ്ണുകളെ നീക്കം ചെയ്തു ഗ്രാഫ്റ്റുകള്‍ ഉപയോഗിച്ച് കണ്ണിന്റെ യഥാര്‍ഥ രൂപവും ഭംഗിയും വീണ്ടെടുക്കുന്ന നൂതനവും സങ്കീര്‍ണവുമായ ശസ്ത്രക്രിയാരീതിയാണു സോക്കറ്റ് റീകണ്‍സ്ട്രക്ഷന്‍.
കഴിഞ്ഞ പത്തു വര്‍ഷമായി ഡോ. മരിയന്‍ ഈ രംഗത്തു നടത്തിയ നിരവധി ശസ്ത്രക്രിയകളുടെ അനുഭവങ്ങളും അതിന്റെ ഫലങ്ങളും സസൂക്ഷ്മം വിശകലനം ചെയ്തു രൂപപ്പെടുത്തിയ പഠനാവതരണമാണ് ബഹുമതിക്ക് അര്‍ഹയാക്കിയത്.
അഹമ്മദാബാദില്‍ നടക്കുന്ന അടുത്ത ദേശീയ സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും.