കൊച്ചി: യൂറോപ്യന്‍ പാര്‍ലമെന്റില്‍ കേരളത്തിലെ വ്യാപാരമേഖലയുമായി ബന്ധപ്പെട്ട വാണിജ്യരേഖ അവതരിപ്പിച്ചു മലയാളി.
പാലക്കാട് സ്വദേശിയായ സുജിത്ത് എസ്. നായരാണ് ‘ഇന്ത്യ-ഇയു എഫ്ടിഎ: വിപണി പ്രവേശനം മുതല്‍ തന്ത്രപരമായ സാമ്പത്തിക ഇടനാഴി വരെ’ എന്ന വിഷയത്തിലുള്ള സമഗ്ര റിപ്പോര്‍ട്ട് ബ്രസല്‍സിലെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
ജനുവരിയില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒപ്പിട്ട സ്വതന്ത്ര വ്യാപാരക്കരാര്‍ എങ്ങനെ കേരളത്തിന് ഉപകരിക്കുമെന്നതാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം. കടല്‍വിഭവങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, റബര്‍, കശുവണ്ടി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ കയറ്റുമതിക്കാര്‍ക്ക് ഈ കരാര്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനുള്ള വഴികാട്ടിയാണ് റിപ്പോര്‍ട്ടെന്ന് സുജിത്ത് പറഞ്ഞു.
ചെറുകിട ഇടത്തരം സംരംഭകർക്കും കരാറില്‍നിന്നു പ്രയോജനം നേടാന്‍ കഴിയുന്ന വഴികളും വിശദമാക്കുന്ന വിധത്തിലാണ് റിപ്പോര്‍ട്ട് രൂപകല്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അംഗീകൃത സംഘടനയായ യൂറോപ്പ് ഇന്ത്യ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഇഐസിബിഐ) ചെയര്‍മാനും സ്ഥാപകനുമാണ് സുജിത്.