തിരുവനന്തപുരം: സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന പ്രചാരണം പോലീസ് തള്ളി. പ്രചരിക്കുന്ന വാർത്തകൾക്ക് സ്ഥിരീകരണമില്ലെന്നും ഇത്തരത്തിലുള്ള യാതൊരു വിവരവും നിലവിൽ പോലീസിന്റെയോ ആഭ്യന്തര വകുപ്പിന്റെയോ പക്കലില്ലെന്നാണ് വിശദീകരണം.
സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ 42 വർഷം നീണ്ട അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസിന്റെ നീക്കം. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് പുതിയ അവകാശവാദങ്ങൾ പുറത്തുവന്നത്. കിഴക്കനേഷ്യൻ രാജ്യമായ ബ്രൂണെയിൽ സുകുമാരക്കുറുപ്പ് ജീവനോടെ ഉണ്ടെന്നായിരുന്നു ഇന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ.
ഒരു സൈബർ വിദഗ്ധൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കിയ ചിത്രങ്ങളും ബന്ധുക്കളുടെ ഫോൺ വിവരങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പിനെ കണ്ടെത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ. മലേഷ്യ-ബ്രൂണെ അതിർത്തിയോട് ചേർന്ന സിംപാങ്ങ് എന്ന സ്ഥലത്ത് വ്യാജപ്പേരിൽ ഇയാൾ താമസിക്കുന്നതായും നാട്ടിലുള്ള കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ നിലവിൽ പ്രചരിക്കുന്ന വാർത്തകളുടെ അടിസ്ഥാനമെന്താണെന്ന് പോലീസിന് വ്യക്തമായ വിവരമില്ലെന്നാണ് സൂചന. അഭ്യൂഹങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഔദ്യോഗിക അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും പോലീസ് വ്യക്തമാക്കി. അതേസമയം കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിന്റെ സത്യാവസ്ഥ അറിയാൻ ഇന്റർപോളിന് കത്ത് നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.