മോസ്കോ: യുക്രെയ്നെതിരായ യുദ്ധത്തിൽ പുതിയ തന്ത്രവുമായി റഷ്യ. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച നൂറുകണക്കിന് പാട്ടുകളിലൂടെ റഷ്യൻ അനുകൂല യുദ്ധപ്രചാരണം വ്യാപകമാക്കുന്നതായി റിപ്പോർട്ട്. 'സുനോ' , 'ഉഡിയോ' തുടങ്ങിയ എഐ മ്യൂസിക് ജനറേറ്ററുകൾ വ്യാപകമായതോടെയാണ് റഷ്യ ഈ പുതിയ രീതി പരീക്ഷിക്കുന്നത്.
സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക്, യൂട്യൂബ് മ്യൂസിക് തുടങ്ങിയ പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇത്തരം പാട്ടുകൾ പ്രചരിക്കുന്നത്. 'ടെർക്കോൺ' എന്ന സർക്കാരിതര സംഘടനയുടെ പഠനമനുസരിച്ച്, ഇതുവരെ 981-ഓളം റഷ്യൻ അനുകൂല യുദ്ധപ്രചാരണ ഗാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും 2024-ന് ശേഷമാണ് പുറത്തിറങ്ങിയത്.
റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ ആരംഭിച്ച യുദ്ധത്തെ 'ആവശ്യമായ പ്രതിരോധം' എന്ന് വിശേഷിപ്പിക്കുന്ന ഈ ഗാനങ്ങൾ, യുക്രെയ്ൻ പൗരന്മാരെ അധിക്ഷേപിക്കുന്നതിനും റഷ്യൻ സൈനികരെ മഹത്വവീകരിക്കുന്നതിനും വേണ്ടി എഐ ഉപയോഗിച്ച് നിർമിച്ചതാണ്.
വിദ്വേഷ ഉള്ളടക്കങ്ങൾക്കും എഐ ഗാനങ്ങൾക്കുമെതിരെ കർശന നിയന്ത്രണങ്ങളുണ്ടെങ്കിലും, പ്ലാറ്റ്ഫോമുകളുടെ മോഡറേഷൻ സംവിധാനങ്ങളെ വെട്ടിച്ചാണ് ഇത്തരം പ്രൊപ്പഗാൻഡ ഗാനങ്ങൾ കോടിക്കണക്കിന് ആളുകളിലേക്ക് എത്തുന്നത്. ക്രെംലിനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 'ഇന്റർനെറ്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്' പോലുള്ള സംഘടനകൾ ഇത്തരം രാജ്യസ്നേഹ പ്രോജക്റ്റുകളെ പിന്തുണയ്ക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.