ന്യൂഡൽഹി: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി രണ്ട് പുതിയ പദ്ധതികളും മാനസികാരോഗ്യ മേഖലയുടെ വികസനത്തിനായി പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടും പ്രഖ്യാപിച്ച് ധനമന്ത്രി. 'ദിവ്യാംഗ്ജൻ കൗശൽ യോജന', 'ദിവ്യാംഗ് സഹാറ യോജന' എന്നിവയിലൂടെ അന്തസുള്ള ജീവിതവും ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം.
'ദിവ്യാംഗ്ജൻ കൗശൽ യോജന'യിലൂടെ ഐടി , അനിമേഷൻ-ഗെയിമിംഗ്, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ ഭിന്നശേഷിക്കാർക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള പ്രത്യേക തൊഴിൽ പരിശീലനം നൽകും. ഓരോ വിഭാഗത്തിനും അനുയോജ്യമായ തൊഴിലവസരങ്ങൾ ഇതിലൂടെ ഉറപ്പാക്കും.
ദിവ്യാംഗ് സഹാറ യോജനയിലൂടെ ഭിന്നശേഷിക്കാർക്ക് ആധുനിക കൃത്രിമ അവയവങ്ങളും സഹായ ഉപകരണങ്ങളും ലഭ്യമാക്കും. ഇതിനായി കൃത്രിമ അവയവ നിർമ്മാണ കോർപ്പറേഷൻ ഓഫ് ഇന്ത്യ
എന്ന പൊതുമേഖലാ സ്ഥാപനത്തെ ആധുനികവത്കരിക്കുകയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ കൃത്രിമ അവയവ നിർമാണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും
ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ആധുനിക ഉപകരണങ്ങൾ നേരിട്ട് കണ്ടും പരീക്ഷിച്ചും വാങ്ങാൻ സാധിക്കുന്ന തരത്തിലുള്ള ആധുനിക റീട്ടെയിൽ സെന്ററുകൾ ആരംഭിക്കുമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വ്യക്തമാക്കി
ഉത്തരേന്ത്യയിൽ മാനസികാരോഗ്യത്തിനായി ബംഗളൂരുവിലെ നിംഹാൻസിന് സമാനമായ പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. റാഞ്ചിയിലെയും തേസ്പൂരിലെയും മാനസികാരോഗ്യ സ്ഥാപനങ്ങളെ റീജിയണൽ അപെക്സ് സെന്ററുകളായി ഉയർത്തും.
അടിയന്തര ഘട്ടങ്ങളിൽ പാവപ്പെട്ട കുടുംബങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായി ജില്ലാ ആശുപത്രികളിലെ എമർജൻസി, ട്രോമ കെയർ സൗകര്യങ്ങൾ 50 ശതമാനം വർദ്ധിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.