പയ്യന്നൂർ: പെട്രോൾ പമ്പ് ജീവനക്കാരനെ വീട്ടിനകത്ത് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കണ്ടോത്ത് നോർത്ത് നരിയഞ്ചേരിയിലെ പെട്രോൾ പമ്പ് ജീവനക്കാരൻ ആലക്കോട് തടിക്കടവിലെ കൂത്തൂർ സുരേഷ് കുമാറാണ് (53) പൊള്ളലേറ്റു മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വീട്ടിനകത്തു നിന്നു പുകയും ശബ്ദവും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തുന്നതിനിടയിൽ നാട്ടുകാർ വീടിന്റെ വാതിൽ തകർത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സുരേഷ് കുമാറിന്റെ ശരീരം പൂർണമായി കത്തിയിരുന്നു.
സംഭവ സമയത്ത് ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി. ഭാര്യ: പലേരി സുജിത. മക്കൾ: ശരത്ത്, ലിജിത്ത്.