ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ, യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള തന്ത്രപ്രധാന സ്ഥലങ്ങൾ ഉൾപ്പടെ 28 പ്രദേശങ്ങൾക്കും ഭൂപ്രകൃതി സവിശേഷതകൾക്കും കേന്ദ്രസർക്കാർ അംഗീകൃത പേരുകൾ നൽകി സർവേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിൽ രേഖപ്പെടുത്തി.
ലഡാക്ക് ഭരണകൂടവുമായി കൂടിയാലോചിച്ചു നടത്തിയ ഈ നടപടിയിലൂടെ, സൈനിക പട്രോളിംഗിനു നിർണായകമായ ഗോഗ്ര, ഹോട്ട് സ്പ്രിംഗ് തുടങ്ങിയ പ്രവിശ്യകൾ ഭൂപടത്തിന്റെ ഭാഗമായി.
2020 മേയ് അഞ്ചിന് പാംഗോംഗ് തടാക മേഖലയിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് ആരംഭിച്ച ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ പ്രധാന കേന്ദ്രങ്ങളായിരുന്നു ഇവ.
പുതുതായി ഉൾപ്പെടുത്തിയ പ്രധാന സ്ഥലങ്ങൾ
കൊടുമുടികൾ (10 എണ്ണം): അതീശ ഗിരി, കനിഷ്ക കൊടുമുടി, മാർത്താണ്ഡ് ഗിരി, സൊറാവർ കൊടുമുടി, റിഞ്ചെൻ സാംഗ്പോ, ശാക്യശ്രീ ഗിരി, മഹേശ്വര റി, ശിവ റി, മിലരേപ കംഗ്രി, മാർപ ലോത്സാവ റി.
ഭൂപ്രദേശങ്ങൾ: ബ്രംഗ്സ, കുക്സെൽ, ദെഹ്ര കോമ്പസ്, ഗോഗ്ര, ശമൽ ലുംഗ്പ, പങ്ക് ലുംഗ്, കുമാരായന പോയിന്റ്.
മലനിരകൾ: കാരുൺ പീർ, ജോൽമോരി, ദ്രക് കാർപോ.
ഹിമാനികൾ: പാർപിക്, സ്കംരി.
ചുരങ്ങൾ: ചാപ്ചിംഗൽ, ഷാച്മിർക്.
മറ്റു വിഭാഗങ്ങൾ: ഷകോർഗ വാലി (താഴ്വര), ഗുരു റിമ്പോച്ചെ (തടാകം), യാംഗ്പ (നദി), ഹോട്ട് സ്പ്രിംഗ് (ജലാശയം).
പൊതുജനങ്ങൾക്കിടയിൽ ശരിയായ അവബോധം ഉറപ്പാക്കാനും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലാത്ത നിയന്ത്രണരേഖ അതിർത്തിമേഖലയിൽ ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങൾക്ക് ഔദ്യോഗിക തിരിച്ചറിയൽ നൽകാനുമാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.