“സൂര്യ ഇല്ലെങ്കിൽ ഞാനില്ല, ഓക്സിജൻ ഇല്ലാതായാലും ഞാൻ ജീവിക്കും. എന്നാൽ, എന്റെ കലാപ്രവർത്തനമില്ലെങ്കിൽ പിന്നെ ഞാൻ ഈ ഭൂമിയിൽ ഉണ്ടാവില്ല.” സൂര്യ കൃഷ്ണമൂർത്തി പറഞ്ഞതാണിത്.
ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞും നീണ്ട 25 വർഷങ്ങൾ കൃഷ്ണമൂർത്തി ജീവിപ്പിച്ചതും സൂര്യ തന്നെയാണ്. 111 ദിവസങ്ങൾ നീണ്ട ഒരു സൂര്യമേള കഴിയുന്പോൾ അടുത്ത ഉത്സവത്തിനുള്ള തയാറെടുപ്പിലായിരുന്നു അദ്ദേഹം. കലയോടും സംഘാടനത്തോടുമുള്ള പാഷൻ ചെറുപ്പം മുതൽതന്നെ തുടങ്ങുന്നു.
സംഗീതക്കച്ചേരികൾക്കു പോകുക, നാടകം കാണുക, ചെറിയ കലാപരിപാടികൾ സംഘടിപ്പിക്കുക അങ്ങനെയായിരുന്നു കൗമാരകാലം. എൻജിനിയറിംഗ് വിദ്യാർഥിയായ മകന്റെ പഠനം ‘കല’ കൊണ്ടുപോകുമെന്ന ആശങ്ക വീട്ടുകാർക്കുണ്ടായി. അതിനാൽതന്നെ തിരുവനന്തപുരത്ത് കോളജ് എൻജിനിയറിംഗ് വിദ്യാർഥിയായിരുന്ന മകനെ കോളജ് ഹോസ്റ്റലിലാക്കി. തിരുവനന്തപുരത്ത് കുടുംബവീട് ഉണ്ടായിരുന്നിട്ടും ഹോസ്റ്റലിൽ നിന്നു പഠിച്ച ഒരേ ഒരു എൻജിനിയറിംഗ് വിദ്യാർഥിയാണ് താൻ എന്ന് അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞിട്ടുണ്ട്.
അച്ഛനുമമ്മയും നിയന്ത്രിച്ചിട്ടും മകന്റെ കലാപ്രവർത്തനം മാറിയില്ല. കോളജിലും പിന്നീട് ഐഎസ്ആർഒയിലെ പ്രവർത്തനകാലത്തും നിരവധി കലാസംഘടനകളിൽ പ്രവർത്തിച്ചു തുടങ്ങി. ഒടുവിൽ സീനിയർ സയന്റിസ്റ്റ് എന്ന ഉന്നത ഉദ്യോഗം രാജിവച്ച് കലാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു.
വീട്ടുകാരും സമൂഹവും ഒരുപോലെ ഞെട്ടിയിരുന്നു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ മറന്ന് കലാപ്രവർത്തനത്തിനു പോകുന്നു എന്ന കടുത്ത വിമർശനം, അധിക്ഷേപം എല്ലാം കേട്ടിരുന്നു. കൃഷ്ണമൂർത്തിക്കു പക്ഷേ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. പൂർണമായ കലാപ്രവർത്തനം. ചെറിയ രീതിയിൽ തുടങ്ങിയ സൂര്യ ഫിലിം സൊസൈറ്റി പിന്നീട് ഇന്നു കാണുന്ന തരത്തിൽ വളർന്നു.
ഒടുവിൽ കൃഷ്ണമൂർത്തി പോലും സങ്കൽപ്പിക്കാത്ത അത്രയും ഉയരത്തിൽ സൂര്യ അദ്ദേഹത്തെ കൊണ്ടുപോയി. തപസ് പോലെ എല്ലാം മറന്നുകൊണ്ടുള്ള ഒരു അർപ്പണത്തിനു ദൈവം നൽകിയ പാരിതോഷികമാവാം. ഹിമാലയത്തോളമുള്ള ഈ ഉയർച്ച!
കേരള സർവകലാശാലയിൽനിന്നു മകൾ സീത, എൻജിനിയറിംഗ് പരീക്ഷ ഒന്നാം റാങ്കോടെ വിജയിക്കുന്പോൾ അദ്ദേഹം പറഞ്ഞത് ഇതിൽ എന്റെ സംഭാവന ഒന്നുമില്ല എന്നാണ് (ഐആർഎസ് ഉദ്യോഗസ്ഥയാണ് സീത). മക്കളുടെ പഠനം, ട്യൂഷൻ അങ്ങനെയുള്ള കാര്യങ്ങൾ ഞാൻ അറിഞ്ഞിട്ടേയില്ല എന്റെ മനസ് മുഴുവൻ സൂര്യയായിരുന്നു. “സീതയും, ലക്ഷ്മണനും നന്നായി പഠിച്ചതിന്റെ ക്രെഡിറ്റ് അവരുടെ അമ്മയ്ക്കാണ്” - അങ്ങനെയാണ് അദ്ദേഹം പറഞ്ഞിരുന്നത്.
സ്ത്രീപർവ്വം, മുറിവുകൾ, പുലരി അങ്ങനെ നിരവധി ലൈറ്റ് ആൻഡ് സൗണ്ട് ഷോകളിലൂടെ പുതിയൊരു കാഴ്ച ആസ്വാദർക്കു നൽകി. ചായക്കട കഥകൾ എന്ന പരന്പരയും വൈക്കം മുഹമ്മദ് ബഷീർ, എം.ടി. എന്നിങ്ങനെയുള്ള കഥയുടെ ഇതിഹാസങ്ങളുടെ സൃഷ്ടികൾ പുനരാവിഷ്കരിച്ചതും കൃഷ്ണമൂർത്തിയുടെ ക്രിയേറ്റിവിറ്റിയുടെ സാക്ഷ്യങ്ങളാണ്.
പണ്ഡിറ്റ് ഭീം സെൻ ജോഷി, ജസ്രാജ്, സത്യജിത്റേ ഉൾപ്പെടെയുള്ളവരെ മലയാളികൾക്കു മുന്നിൽ ആദ്യമായി കൊണ്ടുവന്നു എന്നതു മാത്രമല്ല കൃഷ്ണമൂർത്തിയുടെ സവിശേഷത, സാധാരണക്കാരായ നിരവധി കലാകാരന്മാർക്കു കലാവതരണത്തിനുള്ള ഇടം നൽകി.