ലോസ് ആഞ്ചലസ്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച കിരീട നേട്ടത്തിനു പിന്നാലെ അടുത്ത ലക്ഷ്യം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.
2028 ഒളിന്പിക്സ് ഗോൾഡ് മെഡലാണ് തന്റെ ലക്ഷ്യമെന്ന് സൂര്യകുമാർ പറഞ്ഞു. ലോകകപ്പിനു ശേഷമുള്ള ക്യാപ്റ്റൻസി അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് സൂര്യകുമാർ ലക്ഷ്യം വ്യക്തമാക്കിയത്. ധോണിക്കും രോഹിതിനും ശേഷം ഇന്ത്യക്ക് ട്വന്റി-20 ലോകകിരീടം സമ്മാനിച്ച ക്യാപ്റ്റനാണ് സൂര്യകുമാർ.
കഴിഞ്ഞ മാസം ഇന്ത്യൻ ക്രിക്കറ്റിന് വളരെ സന്തോഷകരമായ യാത്രയായിരുന്നു. ഒരു ടീമെന്ന നിലയിലെ നേട്ടമാണ് ലോകകിരീടം. സന്തോഷവാനാണ് അതിൽ. ഒളിന്പിക്സ് ഗോൾഡ് മെഡൽ എന്ന ലക്ഷ്യമാണ് ഇനി മുന്നിലുള്ളതെന്നും സൂര്യകുമാർ വ്യക്തമാക്കി.
128 വർഷങ്ങൾക്കുശേഷമാണ് ഇന്റർനാഷണൽ ഒളിന്പിക്സ് കമ്മിറ്റി (ഐഒസി) ഒളിന്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നത്. 1900ൽ നടന്ന പാരീസ് ഒളിന്പിക്സിലാണ് ഇതിന് മുന്പ് ക്രിക്കറ്റ് അരങ്ങേറിയതെന്നതാണ് ചരിത്രം.
ലോസ് ആഞ്ചലസിൽ 2028 ജൂലൈ 14 മുതൽ 29 വരെ നടക്കുന്ന ഒളിന്പിക്സിൽ പുരുഷ- വനിതാ വിഭാഗങ്ങളിലായി ആറ് ടീമുകൾ ട്വന്റി-20 ക്രിക്കറ്റിൽ മാറ്റുരയ്ക്കും. വനിതാ ഫൈനൽ ജൂലൈ 20നും പുരുഷ ഫൈനൽ ജൂലൈ 29നും നടക്കും.
ഒളിന്പിക്സിനു പിന്നാലെ 2028 ഒക്ടോബർ 21 മുതൽ നവംബർ 19 വരെ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി ട്വന്റി-20 ലോകകപ്പ് നടക്കും.