വത്തിക്കാൻ സിറ്റി: യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും ആയുധമത്സരങ്ങൾക്കുമിടയിൽ സമാധാനത്തിലേക്കുള്ള ഏക വഴി സാഹോദര്യത്തിലധിഷ്ഠിതമായ ലോകക്രമമാണെന്ന് മതാന്തര സംഭാഷണത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്.
പ്രാർഥിക്കുകയും ഒന്നിച്ചു മുന്നേറുകയും സ്വയം ആയുധമുപേക്ഷിക്കുകയും ചെയ്യുന്ന ഒരു മാനവികതയ്ക്കാണ് ഇന്നത്തെ ലോകത്തെ നയിക്കാൻ സാധിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
1986ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അസീസിയിൽ തുടക്കംകുറിച്ച സമാധാനത്തിനായുള്ള ലോക പ്രാർഥനാദിനത്തിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് റോമിലെ അന്തോണിയാനം പൊന്തിഫിക്കൽ സർവകലാശാലയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘അസീസിയുടെ ആത്മാവ്: ഓർമകൾക്കും പ്രവചനങ്ങൾക്കുമിടയിൽ’ എന്ന വിഷയത്തിൽ ഫ്രാൻസിസ്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വാലിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
സാങ്കേതികവിദ്യകൾ ശക്തിപ്രാപിക്കുന്ന ഈ യുഗത്തിൽ യുദ്ധം ഒരു അനിവാര്യതയാണെന്ന ചിന്താഗതിയെ പ്രതിരോധിക്കണമെന്ന് കർദിനാൾ പറഞ്ഞു. സാങ്കേതികതയുടെ സ്വാധീനമോ ഭയത്തിലധിഷ്ഠിതമായ സന്തുലിതാവസ്ഥയോ ആയുധമത്സരമോകൊണ്ടു സമാധാനം കൊണ്ടുവരാൻ കഴിയില്ല.
ദൈവനാമത്തിൽ അക്രമത്തെയും ഭീകരവാദത്തെയും ന്യായീകരിക്കുന്നത് ദൈവത്തോടുള്ള വഞ്ചനയാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പയുടെ പുതിയ പ്രബോധനരേഖയായ ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’ ഉദ്ധരിച്ചുകൊണ്ട് കർദിനാൾ ചൂണ്ടിക്കാട്ടി.