ബേൺ: സ്വിറ്റ്സർലൻഡിലെ മനോഹരമായ ആൽപൈൻ ഗ്രാമമായ റാൻഡയ്ക്ക് മേൽ കരിനിഴൽ പരത്തി കൂറ്റൻ ഹിമാനി. സമുദ്രനിരപ്പിൽ നിന്ന് 4,505 മീറ്റർ ഉയരത്തിലുള്ള വൈസ്ഹോൺ പർവതനിരയുടെ കിഴക്കൻ ഭാഗത്തുള്ള ഗ്ലേഷ്യറിൽ നിന്ന് 250,000 ടൺ ഭാരമുള്ള ഭീമാകാരമായ ഐസ് ബ്ലോക്ക് അടർന്നു വീഴാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സെർമാറ്റിന് സമീപമുള്ള ഈ മലയോര ഗ്രാമം ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ ആശങ്കയിലാണ്.
റാൻഡ ഗ്രാമത്തിന് മുകളിലായി തൂങ്ങിക്കിടക്കുന്ന ഈ ഹിമാനി ദിവസേന 20 സെന്റിമീറ്റർ വരെ വേഗതയിൽ താഴേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വാലിസ് കന്റോൺ പ്രകൃതി ദുരന്ത വിഭാഗം എൻജിനീയർ നോർബർട്ടോ കാർലെൻ വ്യക്തമാക്കുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഈ ഗ്ലേഷ്യറിന്റെ അസാധാരണ ചലനങ്ങൾ ശാസ്ത്രജ്ഞർ നിരീക്ഷിച്ചു വരികയാണ്.
സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് നാല് ഘട്ടങ്ങളായുള്ള മുന്നറിയിപ്പ് സംവിധാനത്തിൽ നിലവിൽ മൂന്നാം ഘട്ടം പ്രഖ്യാപിച്ചിരിക്കുന്നു. അപകടസാധ്യതയുള്ള മേഖലകളിൽ കർശനമായ യാത്രാവിലക്കും സ്പെഷൽ സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഹിമാനി പൂർണമായി അടർന്നു വീഴുന്ന സാഹചര്യമുണ്ടായാൽ നാലാം ഘട്ടത്തിലേക്ക് കടന്ന് ഗ്രാമം പൂർണമായി ഒഴിപ്പിക്കേണ്ടി വരും. വരും ദിവസങ്ങളിൽ പെയ്യാനിരിക്കുന്ന പുതിയ മഞ്ഞുവീഴ്ച സ്ഥിതി കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹിമാനികൾക്ക് താഴെയുള്ള പീഠഭൂമിയിൽ അടിഞ്ഞുകൂടിയിരിക്കുന്ന വലിയ അളവിലുള്ള മഞ്ഞുകൂടി ഈ ഐസ് ബ്ലോക്ക് അടർന്നു വീഴുമ്പോൾ ഒപ്പം കൊണ്ടുപോകുമെന്നും, ഇത് അതിഭീകരമായ ഒരു ആഘാതത്തിനും വലിയ ഹിമാനിപാതത്തിനും കാരണമാകുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്നോ ആൻഡ് അവലാഞ്ച് റിസർച്ച് വിദഗ്ധൻ സ്റ്റെഫാൻ മാർഗ്രെത്ത് മുന്നറിയിപ്പ് നൽകുന്നു.
മുൻകാലങ്ങളിലും റാൻഡ ഗ്രാമം സമാനമായ പ്രകൃതിദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1636 ജനുവരി 13ന് ഉണ്ടായ ഐസ്-മഞ്ഞുപാത ദുരന്തത്തിൽ 37 പേർക്കും, 1720 ഫെബ്രുവരി 18-ന് നടന്ന സമാന സംഭവത്തിൽ 12 പേർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. പ്രകൃതിയുടെ നിയമങ്ങൾക്ക് മുന്നിൽ മനുഷ്യന്റെ കണക്കുകൂട്ടലുകൾ തെറ്റുന്ന ഈ പർവതനിരകളിൽ, വരും ദിവസങ്ങളിൽ കാലാവസ്ഥ എന്ത് കരുതിവെച്ചിരിക്കുന്നു എന്ന ആശങ്കയിലാണ് സ്വിസ് ഭരണകൂടം.