ബെർൺ: സ്വിറ്റ്സർലൻഡിലെ ആൽപ്സ് മലനിരകൾക്ക് സമീപമുണ്ടായ റോഡപകടത്തിൽ നിരവധി പേർ മരിച്ചു. നെതർലൻഡിൽ നിന്നുള്ള വിനോദയാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.
കിഴക്കൻ കാന്റണായ ഗ്രൗബിൻഡനിലെ സുഷ് ഗ്രാമത്തിന് സമീപമാണ് സംഭവം. പ്രാദേശിക സമയം വെെകുന്നേരം 4.45-ഓടെ സുഷിനും സെർനെസിനും ഇടയിലുള്ള റോഡിൽ വച്ച് ബസ് ഗാർഡ് റൈയിലിൽ ഇടിക്കുകയായിരുന്നുവെന്ന് സ്വിസ് ബ്രോഡ്കാസ്റ്ററായ എസ്ആർഎഫ് റിപ്പോർട്ട് ചെയ്തു.
അപകടസമയത്ത് 48 പേരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് ഡച്ച് പത്രമായ "ദി ടെലിഗ്രാഫ്' റിപ്പോർട്ട് ചെയ്യുന്നത്. യാത്രക്കാരെല്ലാം ഡച്ച് ടൂർ ഓപ്പറേറ്ററായ ഒഎഡിയുടെ ഉപഭോക്താക്കളാണെന്ന് ഡച്ച് ട്രാവൽ അസോസിയേഷനായ എഎൻവിആർ സ്ഥിരീകരിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന് വൻ രക്ഷാപ്രവർത്തനമാണ് അധികൃതർ നടത്തിയത്. നിരവധി റെസ്ക്യൂ ഹെലികോപ്റ്ററുകൾ സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
സംഭവത്തിൽ സ്വിസ് പ്രസിഡന്റ് ഗയ് പാർമെലിൻ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം എക്സ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ കണക്കുകളും മറ്റു വിവരങ്ങളും ഔദ്യോഗികമായി പുറത്തുവരുന്നതേയുള്ളൂ.