ഇംഫാൽ: മണിപ്പുരിൽ വീണ്ടും ചോരപ്പുഴ ഒഴുക്കി വംശീയാക്രമണം. ആളുകൾക്ക് യാത്രചെയ്യാനായി ഏർപ്പെടുത്തിയിട്ടുള്ള വാഹനവ്യൂഹത്തിനു നേരേ ഉക്രുൽ ജില്ലയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ മുൻ സൈനികൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെടുകയായിരുന്നു.
ലിതാനിലെ ടിഎം കാസോം ഗ്രാമത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് ആക്രമണം. ഇംഫാലിൽ നിന്ന് ഉക്രുലിലേക്കുള്ള യാത്രാവാഹനവ്യൂഹമാണ് ആക്രമിക്കപ്പെട്ടത്. ഒരു കാറിന്റെ മുൻസീറ്റിൽ ഇരിക്കുകയായിരുന്ന ആളിന്റെ നെറ്റിയിലാണ് വെടിയേറ്റത്. ഇയാൾ തൽക്ഷണം മരിച്ചു. വെടിയേറ്റ മറ്റൊരാളും ഏതാനും സമയത്തിനുള്ളിൽ മരണത്തിനു കീഴടങ്ങി. തഷാർ സ്വദേശിയായ മുൻ സൈനിക ഉദ്യോഗസ്ഥനും ഖരസോം സ്വദേശിയുമാണ് മരിച്ചതെന്ന് സുരക്ഷാസേന അറിയിച്ചു.
മൂന്നു കാറുകളുടെ ചില്ലുകൾ ഉൾപ്പെടെ ആക്രമണത്തിൽ തകർന്നു. സ്ത്രീകളും കുട്ടികളും പ്രായമേറിയ ആളുകളും യാത്രക്കാരിൽ ഉണ്ടായിരുന്നു.സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറിയതായി മുഖ്യമന്ത്രി വൈ.ഖേംചന്ദ് സിംഗ് അറിയിച്ചു.
അക്രമികളെ കണ്ടെത്താൻ സുരക്ഷാസേന തിരച്ചിൽ തുടങ്ങി. പ്രാഥമികനടപടികളുടെ ഭാഗമായി ലിതാൻ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയും ചെയ്തുമുഖ്യമന്ത്രി അറിയിച്ചു.ആക്രമണത്തിൽ യാതൊരു പങ്കുമില്ലെന്ന് കുക്കി സോ കൗൺസിൽ പറഞ്ഞു.
അതേസമയം ആക്രമണത്തിനു പിന്നിൽ കുക്കികളാണെന്ന് നാഗ സംഘടനകൾ ആരോപിച്ചു. സ്നിപ്പറുകൾ ഉൾപ്പെടെ ആക്രമണത്തിന് ഉപയോഗിച്ചു. സുരക്ഷാഭടന്മാർ പിന്തിരിഞ്ഞതിനു പിന്നാലെയാണ് ആക്രമണമെന്നും അവർ ആരോപിച്ചു.