തിരുവനന്തപുരം: തോമസ് ഉണ്ണിയാടൻ എംഎൽഎ നടത്തുന്ന നീക്കങ്ങൾക്ക് കോൺഗ്രസ് നേതാക്കൾ നൽകുന്ന പിന്തുണയിൽ അതൃപ്തി പ്രകടിപ്പിച്ച് കേരള കോൺഗ്രസ്. ഇതു സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ് കേരളകോൺഗ്രസ് നേതൃത്വം. മുന്നണി മര്യാദകൾ ലംഘിച്ചെന്നാരോപിച്ച് എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപനെതിരെയും കേരളകോൺഗ്രസ് രംഗത്തെത്തി.
മുഖ്യമന്ത്രി വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർക്കാണ് പരാതി നൽകുന്നത്. ടി.എൻ. പ്രതാപന്റെ പരാമർശത്തിലുള്ള അതൃപ്തി മന്ത്രി മോൻസ് ജോസഫ് വാക്കാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും കേരള കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
തോമസ് ഉണ്ണിയാടന് കഴിഞ്ഞ ദിവസം നൽകിയ സ്വീകരണ സമ്മേളനത്തിൽ നിരവധി കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിരുന്നു. സമ്മേളനത്തിൽ പ്രസംഗിച്ച ടി.എൻ. പ്രതാപൻ ചീഫ് വിപ്പ് സ്ഥാനത്തേക്ക് കുടുംബാംഗങ്ങളെ പരിഗണിക്കുന്നതിനെ വിമർശിച്ചിരുന്നു. തോമസ് ഉണ്ണിയാടന്റെ പിതാവിനെ പരാമർശിച്ചുള്ള പ്രതാപന്റെ വിമർശനം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിനെ ലക്ഷ്യമിട്ടുള്ളതായാണ് ജോസഫ് വിഭാഗത്തിന്റെ ആരോപണം.
മുന്നണിയിലെ മുതിർന്ന നേതാവും പാർട്ടി ചെയർമാനുമായ പി.ജെ.ജോസഫിനെ പരസ്യമായി വിമർശിച്ച സംഭവത്തിൽ കോൺഗ്രസ് നേതൃത്വം ഇടപെട്ട് നിലപാട് തിരുത്തണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം. ഉണ്ണിയാടന്റെ നീക്കങ്ങൾക്ക് പിന്നിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന വിലയിരുത്തലും ജോസഫ് വിഭാഗത്തിനുണ്ട്.
പാർട്ടി അധികാരത്തിലെത്തിയ ശേഷം മുതിർന്ന നേതാവായ തന്നെ അധികാരസ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കിയെന്ന പരാതിയാണ് തോമസ് ഉണ്ണിയാടൻ ഉയർത്തുന്നത്. കേരള കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലായ ഉണ്ണിയാടൻ പാർട്ടി നടപടി നേരിടുകയോ സ്വമേധയാ പാർട്ടി വിടുകയോ ചെയ്യാനുള്ള സാഹചര്യം നിലനിൽക്കുന്നുവെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.