ജറൂസലെം: ഇസ്രയേലിലെ ഐലാത്ത് മേഖലയിൽ ഭൂകന്പം. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായില്ല. ഐലാത്തിനു സമീപമുള്ള റമോൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തം കുറച്ചു നേരത്തേക്ക് നിർത്തിവച്ചു.
ഈജിപ്തിൽ സിനായ് പ്രദേശത്തുള്ള താബയിലാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഐലാത്തിലും സമീപപ്രദേശങ്ങളിലും മുന്നറിയിപ്പു സൈറൺ മുഴങ്ങി.
റമോൺ വിമാനത്താവളത്തിൽ ജനാലച്ചില്ല് തകർന്ന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്രക്കാരെ ഒഴിപ്പിക്കുകയും സർവീസുകൾ നിർത്തിവയ്ക്കുകയുമായിരുന്നു.
എയിലോട്ട്, ബെയർ ഓറ തുടങ്ങിയ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അർക്കിയ എയർലൈൻസിന്റെ ഒരു വിമാനം ലാൻഡ് ചെയ്യാനാകാതെ ആകാശത്ത് വട്ടമിട്ടു പറന്നതായും റിപ്പോർട്ടുകളുണ്ട്.