ബെത്ലഹേം കുടുംബ യൂണിറ്റിലൂടെയും തമിഴ് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി മമിത ബൈജുവിനെ പ്രശംസിച്ച് പ്രമുഖ നടനും സംവിധായകനുമായ എസ്.ജെ. സൂര്യ. തമിഴ് സിനിമാലോകം തന്നെ 'നടിപ്പ് അറക്കൻ' എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാൽ നടിപ്പ് അറക്കിയായി നിങ്ങൾ ആരുടെ പേര് പറയും എന്ന അവതാരകന്റെ ചോദ്യത്തിന് യാതൊരു സംശയവുമില്ലാതെ മമിതയുടെ പേരാണ് എസ്.ജെ. സൂര്യ തിരഞ്ഞെടുത്തത്.
എസ്.ജെ. സൂര്യയുടെ വാക്കുകൾ: "ഈ അടുത്തായി നമ്മുടെ മമിത ബൈജു ഭയങ്കരമായ അഭിനയമാണ് കാഴ്ചവയ്ക്കുന്നത്. നോർത്ത് ഇന്ത്യൻ സിനിമയിലാണെങ്കിൽ ആലിയ ഭട്ടിന്റെ പേര് പറയാം,"എന്നായിരുന്നു നടന്റെ മറുപടി. മുൻനിര നായികമാരുടെ നിരയിലേക്ക് അതിവേഗം ഉയരുന്ന മമിതയുടെ അഭിനയമികവിനുള്ള വലിയ അംഗീകാരമായാണ് സിനിമാപ്രേമികൾ ഇതിനെ കാണുന്നത്.
മലയാളത്തിന് പുറമെ തമിഴ് സിനിമാലോകത്തും സജീവ സാന്നിധ്യമാണ് മമിത ബൈജു ഇപ്പോൾ. ജനനായകനിലും വിശ്വനാഥ് ആൻഡ് സൺസിലും മമിത എത്തിയിരുന്നു. തുടർച്ചയായ വമ്പൻ പ്രൊജക്റ്റുകളിലൂടെ തമിഴിലും തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് താരം.
അതേസമയം, നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത് ബോക്സ് ഓഫീസിൽ റിക്കോർഡുകൾ തകർത്തു മുന്നേറുന്ന 'ജയിലർ 2' ആണ് എസ്.ജെ. സൂര്യയുടേതായി തിയറ്ററുകളിലെത്തിയിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. 'ബോധി' എന്ന ശ്രദ്ധേയമായ കഥാപാത്രമായാണ് എസ്.ജെ. സൂര്യ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.