ചെന്നൈ: തമിഴ്നാട്ടിൽ പശുക്കളെയും കിടാരികളെയും അറുക്കുന്നതിന് മദ്രാസ് ഹൈക്കോടതി ഏർപ്പെടുത്തിയ സമ്പൂർണ നിരോധനത്തിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ. ഹൈക്കോടതിയുടെ മേയ് 27-ലെ ഉത്തരവ് സംസ്ഥാനത്തെ നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നും, ഹർജിയുടെ പരിധിയിൽ കവിഞ്ഞുള്ളതാണ് ഈ വിധിയെന്നും മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.
1958-ലെ 'തമിഴ്നാട് അനിമൽ പ്രിസർവേഷൻ ആക്ട്' പ്രകാരം, കൃഷിക്കും പ്രജനനത്തിനും അനുയോജ്യമല്ലെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തിയ 10 വയസിന് മുകളിൽ പ്രായമുള്ള കന്നുകാലികളെ അറുക്കാൻ അനുമതിയുണ്ട്. എന്നാൽ, ഹൈക്കോടതിയുടെ ഉത്തരവ് ഇതിനെ പൂർണമായും റദ്ദാക്കുന്ന തരത്തിലുള്ള സമ്പൂർണ്ണ നിരോധനമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. കോയമ്പത്തൂരിലെ ബക്രീദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളിലെ കശാപ്പ് തടയണമെന്ന് മാത്രമായിരുന്നു യഥാർത്ഥ ഹർജിയിലെ ആവശ്യം, എന്നാൽ കോടതി സംസ്ഥാനത്താകെ ബാധകമായ നിരോധനം ഏർപ്പെടുത്തുകയായിരുന്നു.