തെന്നിന്ത്യൻ സിനിമയെ പ്രത്യേകിച്ച് തമിഴ് സിനിമയെ സ്റ്റുഡിയോകളുടെ കൃത്രിമത്വം നിറഞ്ഞ നാലുചുവരുകളിൽ നിന്നും ഗ്രാമീണതയുടെ മണ്ണിലേക്കും മനുഷ്യരിലേക്കും ഇറക്കിക്കൊണ്ടുവന്ന് തമിഴ്കത്ത് അക്ഷരാർത്ഥത്തിൽ വെള്ളിത്തിരയിൽ വിപ്ലവം സൃഷ്ടിച്ച സംവിധായകനാണ് ഭാരതിരാജ.
സ്റ്റുഡിയോ സെറ്റുകളുടെ ഫ്രെയിമുകൾ മാത്രം കാമറയിൽ ഒപ്പിയെടുത്തിരുന്ന തമിഴ് സിനിമയെ ഭാരതിരാജ ഔട്ട്ഡോർ ലൊക്കേഷനുകളിലേക്ക് പറിച്ചു നട്ടു. പച്ചയായ മനുഷ്യർ, ഗ്രാമീണ ഭാഷാശൈലി, നാട്ടുവിശ്വാസങ്ങൾ എന്നിവ അദ്ദേഹത്തിന്റെ സിനിമകളുടെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായി.
തമിഴ്നാടിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളിലേക്കാണ് ഭാരതീരാജ തന്റെ കാമറ തിരിച്ചു വച്ചത്. അപ്പോൾ അതിൽ പതിഞ്ഞത് തമിഴ് സിനിമ അന്നേവരെ കണ്ടിട്ടില്ലാത്ത, എന്നാൽ അവർക്ക് ചിരപരിചിതമായ, തമിഴ്നാടിന് പുറത്തുള്ളവർക്ക് പുതുമയുള്ള കാഴ്ചയുടെ വസന്തമായിരുന്നു.
ചുവന്ന മണ്ണും, പച്ചനിറഞ്ഞ പാടശേഖരങ്ങളും, മഴയും, അരുവികളും, തമിഴ്നാട് ഗ്രാമത്തിന്റെ ഭംഗിയുമെല്ലാം അദ്ദേഹത്തിന്റെ സിനിമകളുടെ ഫ്രെയിമുകളിൽ നിറഞ്ഞു. പുതിയ ലൊക്കേഷനുകൾ കാമറാമാൻമാർക്കും തങ്ങളുടെ മികവ് പ്രകടിപ്പിക്കാനുള്ള അവസരമായി.
ഭംഗിയുള്ള വിഷ്വലുകളും ശക്തമായ കഥയും ഭാരതി രാജയുടെ സിനിമകൾക്ക് തമിഴകത്ത് മാത്രമല്ല ഇന്ത്യയൊട്ടാകെ പ്രേക്ഷകപ്രീതി നേടിക്കൊടുത്തു. തമിഴ് സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങൾ ഇത്രയും പവർഫുൾ ആയി വന്നിട്ടുള്ളത് ഭാരതീ രാജയുടെ സിനിമകളിലായിരുന്നു.
നായകന്റെ വെറും നിഴലായി നിൽക്കേണ്ടവളല്ല നായിക എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്ത്രീ കഥാപാത്രങ്ങൾ പലപ്പോഴും നായകനു മുകളിൽനിന്നു എന്നു പറയാം.
കൃത്യമായി വോയിസ് ഉള്ള നിലപാടുള്ള സ്ത്രീ കഥാപാത്രങ്ങളെയാണ് അദ്ദേഹം സിനിമയിൽ അവതരിപ്പിച്ചത്. വ്യവസ്ഥിതികളോടും ചട്ടക്കൂടുകളോടും പ്രതികരിക്കാൻ തന്റേടം കാണിക്കുന്ന സ്ത്രീകളായിരുന്നു അത്.
ഇതിനെല്ലാം പുറമേ സംഗീതത്തെ തന്റെ സിനിമകളിൽ എങ്ങനെ ഉപയോഗിക്കണം എന്ന് വ്യക്തമായ ബോധമുള്ള സംവിധായകനായിരുന്നു ഭാരതീ രാജ. അദ്ദേഹത്തിന്റെ സിനിമകളുടെ ആത്മാവായി ഇളയരാജയുടെ സംഗീതം കൂടി ചേർന്നപ്പോൾ പാർട്ടി ഇഷ്ടപ്പെടുന്ന ഏതു ഭാഷക്കാർക്കും പാടി നടക്കാൻ ഒരുപാട് നല്ല ഗാനങ്ങൾ കിട്ടി.
തന്റെ സിനിമയിൽ കഥാപാത്രങ്ങൾക്കാണ് പ്രാധാന്യം എന്നതുകൊണ്ട് തന്നെ താരങ്ങളെയോ സൂപ്പർതാരങ്ങളെയോ അല്ല നല്ല അഭിനേതാക്കളെയാണ് ഭാരതീ രാജ തന്റെ സിനിമയിലേക്ക് തെരഞ്ഞെടുത്തത്.
അതുകൊണ്ടുതന്നെ സ്ഥിരം അഭിനേതാക്കളെ വിട്ട് പുതുമുഖങ്ങൾക്ക് അവസരം കൊടുക്കാൻ അദ്ദേഹം ധൈര്യം കാണിച്ചു. ആ ധൈര്യത്തിന്റെ മികവിൽ വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടവർ പിന്നീട് തമിഴ് ഫിലിം ഇൻഡസ്ട്രി ഭരിക്കുന്ന കാഴ്ചയും തമിഴകം കണ്ടു.
കമൽ ഹാസൻ, രജനീകാന്ത് തുടങ്ങിയവരെ പുതിയ ഭാവങ്ങളിൽ അവതരിപ്പിച്ചതിനൊപ്പം ഭാഗ്യരാജ്, രാധിക, കാർത്തിക്, രാധ, രേവതി തുടങ്ങി തെന്നിന്ത്യൻ സിനിമക്ക് വലിയൊരു താരനിരയെ സിനിമയ്ക്ക് സമ്മാനിച്ചത് അദ്ദേഹമാണ്.
16 വയതിനിലേ എന്ന സിനിമയിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച്, ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ അദ്ദേഹം പിടിച്ചുപറ്റി.
മയിൽ എന്ന ഒരു ഗ്രാമീണ പെൺകുട്ടിയുടെ പതിനാറാമത്തെ വയസ്സിലെ മാനസികാവസ്ഥകളും, അവൾ നേരിടുന്ന പ്രണയവും വഞ്ചനയുമാണ് തന്റെ ആദ്യ ചിത്രത്തിൽ അദ്ദേഹം കൈകാര്യം ചെയ്തത്.
ചപ്പാനി എന്ന നിഷ്കളങ്കനായി കമൽ ഹാസനും, പരട്ടൈ എന്ന വില്ലനായി രജനീകാന്തും, മയിലായി ശ്രീദേവിയും വെള്ളിത്തിരയിൽ അത്ഭുതമായി നിറഞ്ഞു.
നാടകീയത വല്ലാതെ നിറഞ്ഞ തമിഴ് സിനിമയുടെ ഡ്രമാറ്റിക് കാലഘട്ടം അവിടെ അവസാനിക്കുകയും തമിഴിൽ റിയലിസ്റ്റിക് സിനിമകളുടെ യുഗത്തിന് ഇത് ആരംഭം കുറിക്കുകയും ചെയ്തു.
ഗ്രാമീണ പശ്ചാത്തലത്തിൽ ജാതിവ്യവസ്ഥയ്ക്കും അനാചാരങ്ങൾക്കുമെതിരെ വിരൽചൂണ്ടിയ മനോഹരമായ ഒരു പ്രണയകാവ്യമായിരുന്നു കിഴക്കേ പോകും റെയിൽ എന്ന സിനിമ.
റെയിൽവേ സ്റ്റേഷനും തീവണ്ടിയും ഒരു പ്രധാന ഘടകമായി വരുന്ന സിനിമ അതിന്റെ ടൈറ്റിലിനോട് ചേർന്നുനിന്നു. പ്രണയത്തിന്റെ ഏറ്റവും തീവ്രമായ ആവിഷ്കാലങ്ങളിൽ ഒന്നാണ് ഈ സിനിമ.
എന്നും ഒരേ പാതയിൽ സഞ്ചരിക്കാൻ ഇഷ്ടമില്ലാത്ത സംവിധായകനായിരുന്നു ഭാരതി രാജ. സിവപ്പു റോജാക്കൾ എന്ന സിനിമ അതിനുള്ള ഉദാഹരണമാണ്. ഗ്രാമീണ സിനിമ കാഴ്ചകളിൽ നിന്ന് മാറി സൈക്കോളജിക്കൽ ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയായിരുന്നു ഇത്.
സ്ത്രീകളെ വെറുക്കുന്ന, അവരെ കൊലപ്പെടുത്തുന്ന ഒരു സൈക്കോപാത്തിന്റെ ചിത്രം. കമൽ ഹാസന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന്. ഭാരതിരാജയ്ക്ക് ഗ്രാമീണ പ്രണയകഥകൾ മാത്രമല്ല, ഉദ്വേഗജനകമായ ത്രില്ലറുകളും വഴങ്ങുമെന്ന് ഈ ചിത്രം തെളിയിച്ചു.
തമിഴ് സിനിമ ചർച്ച ചെയ്യാനും പറയാനും മടിച്ച മതത്തിന്റേയും ജാതിയുടെയും വേർതിരിവുകളും അതിനിടയിലെ പ്രണയവും അവതരിപ്പിക്കാൻ ധൈര്യം കാണിച്ച അലൈകൾ ഓയ് വതില്ലൈ ഇന്നും തമിഴ് സിനിമയുടെ പാഠപുസ്തകം ആണ്.
കാർത്തിക്, രാധ എന്നിവരുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. കടുത്ത യാഥാസ്ഥിതിക സമൂഹത്തിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ പ്രണയിക്കുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങളാണ് സിനിമ കാണിച്ചുതന്നത്. ക്ലൈമാക്സിലെ വിപ്ലവാത്മകമായ തീരുമാനം ഏറെ ചർച്ച ചെയ്യപ്പെട്ടു.
ഗ്രാമത്തിലെ ആചാരങ്ങളും നാട്ടുക്കൂട്ടത്തിന്റെ തീരുമാനങ്ങളും എങ്ങനെ വ്യക്തികളുടെ ജീവിതത്തെ ബാധിക്കുന്നു എന്ന് വ്യക്തമായി കാണിച്ചു തരുന്ന ഗ്രാമീണ മണ്ണിന്റെ മണമുള്ള മൺ വാസനൈ ഭാരതി രാജയുടെ മറ്റൊരു തുറന്നു പറച്ചിലായി.
തമിഴ്നാട്ടിലെ ഗ്രാമീണ സംസ്കാരത്തെ പരിചയപ്പെടുത്തിയതോടൊപ്പം അതുമായി ബന്ധപ്പെട്ട് വരുന്ന ആചാരങ്ങളും അഭിമാന പ്രശ്നങ്ങളും മനുഷ്യബന്ധങ്ങളും ഈ ചിത്രം ചർച്ച ചെയ്തു. ഭാരതിരാജയുടെ സിനിമാജീവിതത്തിലെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് മുതൽ മര്യാദൈ.
പ്രായം ചെന്ന ഒരു ഗ്രാമീണ നാട്ടു പ്രമാണിയും താഴേക്കിടയിലുള്ള ഒരു തോണിക്കാരന്റെ മകളും തമ്മിലുള്ള പവിത്രവും എന്നാൽ സമൂഹം അംഗീകരിക്കാത്തതുമായ ആത്മബന്ധത്തിന്റെ കഥ.
ശിവാജി ഗണേശന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ഭാവങ്ങൾ ഭാരതിരാജ ഈ ചിത്രത്തിലൂടെ പുറത്തെടുത്തു. രാധയായിരുന്നു തോണിക്കാരന്റെ മകളുടെ വേഷത്തിൽ തിളങ്ങിയത്. സദാചാരം പോലീസിനെ കുറിച്ച് ഭാരതീ രാജ അന്നേ പറഞ്ഞു വച്ചിരുന്നു.
തമിഴ്നാട്ടിൽ നിലനിന്നിരുന്ന ജാതി വ്യവസ്ഥയുടെ ഉള്ളറകളിലേക്ക് നെഞ്ചുവിരിച്ച് കടന്നുചെന്ന് തെറ്റിനെ തെറ്റെന്ന് വിളിച്ചു പറയാൻ ഭാരതീ രാജ കാണിച്ച ചങ്കൂറ്റത്തിന്റെ തെളിവാണ് വേദം പുതിയത് എന്ന സിനിമ.
ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണ്യത്തിലെ അനാചാരങ്ങൾക്കുമെതിരെ ശക്തമായി ആഞ്ഞടിച്ച ഒരു സാമൂഹിക വിമർശന ചിത്രം. സത്യരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു.
യുക്തിചിന്തയും മാനവികതയും ഉയർത്തിപ്പിടിക്കുന്ന ഡയലോഗുകളും, ജാതിയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്ന സന്ദർഭങ്ങളും ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കി.
ഇത്തരത്തിൽ ഏതു ചിത്രവും അദ്ദേഹത്തിന്റേതായ കൈമുദ്ര പതിഞ്ഞ ദൃശ്യാവിഷ്കാരങ്ങളായിരുന്നു. തമിഴ് സിനിമയെ വിണ്ണിൽ നിന്നും മണ്ണിലേക്ക് ഇറക്കി കൊണ്ടുവന്ന സംവിധായകൻ. അമാനുഷികർക്ക് പകരം മനുഷ്യരെ സ്ക്രീനിൽ അവതരിപ്പിച്ച സംവിധായകൻ.
സ്ത്രീ അബലയല്ല എന്ന് ആവർത്തിച്ചു പറഞ്ഞുറപ്പിച്ച സംവിധായകൻസിനിമാറ്റിക് ആഡംബരങ്ങളെ പടിക്കു പുറത്തു നിർത്തി മനുഷ്യത്വവും പ്രകൃതിയും കാണാനായി സിനിമയുടെ ജാലകങ്ങൾ തുറന്നിട്ട സംവിധായകൻ.
ശരിക്കും ഭാരതിരാജ ഭാരതീയ സിനിമകളുടെ രാജാവ് തന്നെയാണ്.