ന്യൂഡൽഹി: ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരേ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
ജോലി ചെയ്യാനും പ്രജനനത്തിനും ശേഷിയില്ലാത്ത പത്ത് വയസിനു മുകളിലുള്ള പശുക്കളെ നിശ്ചിത ഉദ്യോഗസ്ഥരുടെ അനുമതിയോടെ അറക്കാൻ അനുവാദം നൽകുന്ന തമിഴ്നാട് മൃഗസംരക്ഷണ നിയമം 1958ന് വിരുദ്ധമാണ് ഹൈക്കോടതി വിധിയെന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
മൃഗങ്ങളെ അറക്കുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്താത്ത കേന്ദ്ര-സംസ്ഥാന നിയമങ്ങൾ മറികടന്ന് ഹൈക്കോടതി നിയമനിർമാണം നടത്തുകയാണു ചെയ്തതെന്നും ഹർജിയിൽ പറയുന്നു. ഗോവധം നിയന്ത്രിക്കുന്ന സംസ്ഥാന സർക്കാരിന്റെ വിവിധ നിയമങ്ങൾ മറികടന്നാണ് ഹൈക്കോടതി ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഹർജിയിൽ ആരോപിക്കുന്നു.
ബക്രീദ് പ്രമാണിച്ച് പൊതുസ്ഥലങ്ങളിലെ കശാപ്പ് തടയണമെന്നാവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി ജനറൽ സെക്രട്ടറി കെ. സൂര്യപ്രശാന്ത് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ ജി.ആർ. സ്വാമിനാഥൻ, വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംസ്ഥാനത്തുടനീളം കന്നുകാലി കശാപ്പിന് പൂർണ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടത്.