മരട്: മരട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ മരട് നഗരസഭ ചെയർപേഴ്സൻ അജിത നന്ദകുമാറിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ടാങ്കർ ലോറികൾ തടഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെയാണ് നെട്ടൂർ ജലശുദ്ധീകരണ പ്ലാന്റിന് മുൻപിൽ കുത്തിയിരുന്ന് ടാങ്കർ ലോറികൾ തടഞ്ഞത്.
മൂന്ന് മണിക്കൂർ നീണ്ട സമരം എഎക്സ്ഇയുടെ ഉറപ്പിൽ രാത്രി 7.30 യോടെയാണ് അവസാനിച്ചത്. സ്വകാര്യ ടാങ്കറുകളിൽ കൊച്ചിയുടെ വിവിധ പ്രദേശങ്ങളിലേയ്ക്ക് വെള്ളം നൽകില്ലെന്നും മരട് നഗരസഭയിലേയ്ക്ക് നൽകുന്ന 16 എംഎൽഡി വെള്ളം ഉറപ്പ് വരുത്തുമെന്നും കുടിവെള്ളം, ടാങ്കറുകളിൽ മരട് നഗരസഭയിലേയ്ക്ക് മാത്രം നൽകുമെന്നും നെട്ടൂർ ജലശുദ്ധീകരണ പ്ലാന്റിലെ എഎക്സ്ഇ നഗരസഭ ചെയർപേഴ്സന് നൽകിയ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
സമരം തുടർന്നതോടെ ഇന്നലെ രാത്രിയോടെ പലയിടങ്ങളിലും വെള്ളമെത്തി തുടങ്ങി. വൈസ് ചെയർപേഴ്സൻ ജിൻസൻ പീറ്റർ, സ്ഥിരം സമിതിയധ്യക്ഷൻമാരായ പി.ഡി. രാജേഷ്, സച്ചിദാനന്ദൻ, കൗൺസിലർമാരായ ദേവൂസ് ആന്റണി, വി.ജെ. അജീന, ജോസഫ് പള്ളിപ്പറമ്പിൽ, സിജോയ് പുതുശേരി, സുനിൽകുമാർ, ദിഷ പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു.