മധ്യപ്രദേശിലെ ഉജ്ജയിനിൽ ശ്മശാനത്തിലെ കത്തിക്കൊണ്ടിരിക്കുന്ന ചിതയ്ക്ക് സമീപം ദുരൂഹമായ ആഭിചാര ക്രിയകൾ നടത്തുകയും മനുഷ്യശരീരാവശിഷ്ടങ്ങൾ ഭക്ഷിക്കുകയും ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധം പുകയുന്നു.
ശരീരമാസകലം ഭസ്മം പൂശി കറുത്ത വസ്ത്രമണിഞ്ഞ നിലയിലുള്ള ഒരു സ്ത്രീ ചിതയിൽ നിന്ന് വാളുപയോഗിച്ച് മാംസഭാഗങ്ങൾ തിരഞ്ഞെടുത്ത് കഴിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
കടുത്ത അറപ്പും ഭയവും ഉളവാക്കുന്ന ഈ രംഗങ്ങളിൽ കാളി നന്ദ് ഗിരി എന്ന് സ്വയം പരിചയപ്പെടുത്തുന്ന സ്ത്രീ, ചൂടുള്ള മനുഷ്യമാംസം കഴിക്കുന്നത് തങ്ങളുടെ ജീവിതരീതിയുടെ ഭാഗമാണെന്നും പ്രമുഖരായ പല താന്ത്രികരെയും താൻ ഇല്ലാതാക്കിയിട്ടുണ്ടെന്നും അവകാശപ്പെടുന്നുണ്ട്.
തലയോട്ടി കൊണ്ട് കളിക്കുന്നതും ചാരം ശരീരത്തിൽ അണിയുന്നതും ചൂടുള്ള മനുഷ്യമാംസം ഭക്ഷിക്കുന്നതുമെല്ലാം തങ്ങളുടെ നിയോഗമാണെന്നും തങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് സാധാരണക്കാർക്ക് ഊഹിക്കാൻ പോലുമാകില്ലെന്നും ഇവർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
ദൃശ്യങ്ങളുടെ അവസാനം ശ്മശാനവുമായി ബന്ധപ്പെട്ട ചില മന്ത്രങ്ങൾ ഉച്ചരിക്കുന്നതും വ്യക്തമാണ്. മൃതദേഹത്തോട് അനാദരവ് കാണിക്കുകയും മന്ത്രവാദത്തിന്റെ പേരിൽ ക്രൂരമായ പ്രവൃത്തികൾ ചെയ്യുകയും ചെയ്ത ഇവർക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
എന്നാൽ ഈ വീഡിയോ എപ്പോൾ, എവിടെവച്ച് ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ പോലീസോ പ്രാദേശിക ഭരണകൂടമോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.