കോന്നി: ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റില്‍ റബർ ടാപ്പിംഗ് തൊഴിലാളികളുടെ കണ്മുമ്പില് കടുവ. പ്ലാങ്കാട് തവാര്‍ണ മേഖലയിലാണ് ഇന്നലെ പുലര്‍ച്ചെ കടുവയെ കണ്ടത്.
5.30 ഓടെ തോട്ടത്തിലെത്തിയ ചെങ്ങറ പാറക്കമണ്ണില്‍ ഷാജി, ഭാര്യ മിനി എന്നിവര്‍ ടാപ്പിംഗ് നടത്തിവരവേയാണ കടുവയെ കണ്ടത്. ഭയന്ന് ഓടുന്നതിനിടെ സമീപത്തെ കുഴിയില്‍ വീണ് മിനിക്കു പരിക്കേറ്റു.
കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലും ചെങ്ങറ തോട്ടത്തില്‍ കടുവയെ കണ്ടിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ടാപ്പിംഗിനെത്തിയ ചെങ്ങറ കുറുമ്പെറ്റി ഡിവിഷനില്‍ യ പടിഞ്ഞാറ്റിന്‍കര സി.എം. യോഹന്നാനാണ് കടുവയെ കണ്ടത്. പിറ്റേന്ന് രാത്രി ചെമ്മാനി എസ്റ്റേറ്റ് റോഡില്‍ ബൈക്കിലെത്തിയ യുവാക്കളും റോഡരികില്‍ കടുവയെ കണ്ടു. തൊട്ടടുത്ത ക്ഷേത്രത്തിനു സമീപത്തും അന്ന് കടുവയെ കണ്ടിരുന്നു.
കടുവയുടെ സാന്നിധ്യമുണ്ടെന്നു മനസിലായതോടെ തോട്ടത്തില്‍ ടാപ്പിംഗിനിറങ്ങാന് തൊഴിലാളികള്‍ മടിച്ചിരുന്നു. വീഴ്ചയില്‍ തോളെല്ലിനു സാരമായി പരിക്കേറ്റ മിനി കോന്നി ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമായില്ലെന്ന് കുടുംബം പരാതിപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.