തിരുവനന്തപുരം: നാൽപതു വർഷത്തിനു മുന്പ് തിരുവനന്തപുരം ഹോളി ഏയ്ഞ്ചൽസ് സ്കൂളിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ മൂന്നാം റാങ്കിന്റെ തിളക്കവുമായി വിജയിച്ചുകയറിയ പെണ്കുട്ടി.
ആ റാങ്കുകാരി ഇന്നലെ എസ്എസ്എൽസി വിദ്യാർഥികളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ ഓർമയിലേക്ക് ഓടിയെത്തിയത് തന്റെ പഴയ പത്താംക്ലാസിലെ റാങ്കിന്റെ തിളക്കം.
1986ലെ പത്താം ക്ലാസ് റാങ്കുകാരി ഇന്നത്ത പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഷർമിളാ മേരി ജോസഫ്. 1986ൽ സംസ്ഥാനത്ത് എസ്എസ്എൽസിയിൽ മൂന്നാം റാങ്ക് നേട്ടമാണ് ഷർമിള മേരി സ്വന്തമാക്കിയത്.
സംസ്ഥാനത്ത് മന്ത്രിമാർ ചുമതല ഏറ്റെടുക്കാത്തതിനാലാണ് വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായ ഷർമിളയ്ക്ക് ഫലപ്രഖ്യാപനം നടത്താനുള്ള അവസരമുണ്ടായത്.
ഫലപ്രഖ്യാപനം വൈകിയാൽ പ്ലസ് വണ് പ്രവേശന നടപടികളെ ഉൾപ്പെടെ ബാധിക്കുമെന്നതിനാൽ പുതിയ മന്ത്രിസഭ വരുന്നതുവരെ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കേണ്ടെന്നു പൊതുതീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ഇന്നലെ ഫലപ്രഖ്യാപനം നടത്താൻ തീരുമാനിച്ചതും പ്രിൻസിപ്പൽ സെക്രട്ടറി ഫലപ്രഖ്യാപനം നടത്തിയതും.
ഇത്തരമൊരു അവസരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച ഷർമിള മേരി പതിറ്റാണ്ടുകൾക്കു ശേഷം തന്റെ റാങ്കു തിളക്കം ഒന്നുകൂടി ഓർമിച്ചെടുത്തു. 1986ലെ റാങ്ക് നേട്ടം ദീപിക ഉൾപ്പെടെയുള്ള പത്രങ്ങളിൽ വാർത്തയായി വന്നിരുന്നു. ഈ പത്രവാർത്തകൾ ഷർമിളയുടെ പിതാവ് ഡോ. കെ.വി. ജോസഫ് ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്.
റാങ്കിംഗ് സന്പ്രദായം തിരിച്ചുകൊണ്ടുവരണോ എന്ന ചോദ്യത്തിന് ഇപ്പോൾ അതിനെക്കുറിച്ച് പറയാനാകില്ലെന്നായിരുന്നു മറുപടി. റാങ്കിംഗ് സന്പ്രദായം കുട്ടികൾക്ക് വലിയ മാനസിക സമ്മർദം ഉണ്ടാക്കുന്നുവെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡിംഗ് സന്പ്രദായം നടപ്പാക്കിയതെന്നും ഷർമിള പറഞ്ഞു. 1997 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് തിരുവനന്തപുരം സ്വദേശിനിയായ ഷർമിള.