Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TaskForce

മിഷന്‍ ചക്കക്കൊമ്പന്‍: ആനയെ വളഞ്ഞ് ദൗത്യസംഘം, മയക്കുവെടിക്ക് ശ്രമം

തൊടുപുഴ: ചിന്നക്കനാല്‍ മേഖലയില്‍ ജനജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന കാട്ടാന ചക്കക്കൊമ്പനെ തളയ്ക്കാനുള്ള വനംവകുപ്പിന്‍റെ നിര്‍ണായക ദൗത്യത്തിന് തുടക്കമായി. ആനയെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനായി വയനാട്ടില്‍ നിന്നും രണ്ട് കുങ്കിയാനകളും 100-ഓളം വരുന്ന ദ്രുതപ്രതികരണ സേനയും സജ്ജമായി.

ആനയെ മയക്കുവെടി വയ്ക്കുന്നതിന് 18 പോയിന്‍റുകളാണ് വനംവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ആനയെ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. നിലവില്‍ 80 ഏക്കറിലെ ഊട്‌തേരിയിലാണ് ആനയുള്ളത്. ആനയുടെ നീക്കം സദാസമയവും ദൗത്യസംഘം നിരീക്ഷിച്ച് വരികയാണ്. ഇന്നു രാത്രി ആന എവിടേക്ക് നീങ്ങുന്നുവെന്ന് നിരീക്ഷിച്ച
ശേഷമാകും തുടര്‍നടപടികള്‍.

ദൗത്യത്തിനായി വന്‍സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. പൊതുവെ ആക്രമണസ്വഭാവമുള്ള ആനയായതിനാല്‍ ഏറെ കരുതലോടെയാണ് മിഷന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഓരോ ഡിപ്പാര്‍ട്ട്‌മെന്‍റും ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അഥോറിട്ടി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് കൃത്യമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

റവന്യു, പൊലിസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളിലെ ഉന്നതഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ദൗത്യസംഘം പ്രതീക്ഷിക്കുന്ന നിലയില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ ബുധനാഴ്ച മയക്കുവെടി വയ്ക്കാനാണ് തീരുമാനം. ഇതിനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഇതിന്‍റെ ഭാഗമായ ചിന്നക്കനാല്‍ പഞ്ചായത്തിലെ ആരുവാര്‍ഡുകളില്‍ നാളെ നിരോധനാജ്ഞയും പ്രഖ്യപിച്ചിട്ടുണ്ട്. ദൗത്യത്തിനായി മുത്തങ്ങ ആനപ്പന്തിയില്‍ നിന്നുള്ള കരുത്തരായ വിക്രം, ഭരത് എന്നീ കുങ്കിയാനകളെയാണ് സ്ഥലത്ത് എത്തിച്ചിട്ടുള്ളത്. അരിക്കൊമ്പന്‍ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച പരിചയസമ്പന്നരായ കുങ്കിയാനകളാണ് വിക്രമും ഭരതും.

ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അനുമോദ്, ഡോ. സിദ്ധാര്‍ഥ് ശങ്കര്‍, അസിസ്റ്റന്‍റ് വെറ്ററിനറി ഓഫീസര്‍ സിറില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്നത്.

Latest News

Corehub Up