മുംബൈ: ടാറ്റ ഇലക്ട്രോണിക്സ് അടുത്ത ആറ് മാസത്തിനുള്ളിൽ ഇന്ത്യയിലെ ഫോക്സ്കോണിന്റെ ജീവനക്കാരുടെ എണ്ണത്തിനു തുല്യമാക്കിയേക്കും.
നിലവിൽ 60,000 പേരുള്ള ഹൊസൂർ പ്ലാന്റിലെ ജീവനക്കാരുടെ എണ്ണം 75,000 ആയി ഉയർത്തും. ആപ്പിളിന്റെ അതിവേഗ വളർച്ച കാരണം ഇലക്ട്രോണിക് നിർമാണ സേവനങ്ങളിൽ ലഭിക്കുന്ന മുൻതൂക്കമാണ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് പ്രധാന കാരണം.
ഒക്ടോബർ എട്ടിന് ഇക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഈ സാന്പത്തിക വർഷത്തിന്റെ ആദ്യ ആറ് മാസങ്ങളിൽ ആപ്പിളിന്റെ ഐഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലെത്തി. മുൻ വർഷം ഇതേ കാലയളവിലെ 5.71 ബില്യണ്‍ ഡോളറിൽനിന്ന് 75 ശതമാനത്തിന്റെ വളർച്ചയാണിത്.
ആപ്പിളിൽനിന്നുള്ള ആവശ്യകത നിറവേറ്റുന്നതിനായി ടാറ്റ ഇലക്ട്രോണിക്സ് അതിവേഗം മുന്നോട്ട് പോകുകയാണെന്ന് ഇതുമായി ബന്ധപ്പെട്ടയാൾ പറഞ്ഞു.
ഇന്ത്യയുടെ ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ നിർമാണ മേഖലയിൽ കന്പനിയുടെ വർധിച്ചുവരുന്ന പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് മാതൃകന്പനിയുടെ സാന്പത്തിക കാര്യങ്ങളിൽ വലിയ സംഭാവന നല്കുന്ന സ്ഥാപനമായി ടാറ്റ ഇലക്ട്രോണിക്സ് വളർന്നിരിക്കുന്നു.
ടാറ്റ സണ്‍സിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം ടാറ്റ ഇലക്ട്രോണിക്സ് 2025 സാന്പത്തിക വർഷം 66,601 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വർഷത്തെ 3752 കോടിയേക്കാൾ വലിയ വർധനയാണ്.