തൃശൂർ: ഉൗബർ ആപ്പ് വഴിയുള്ള സർവീസ് പൂർണമായും ബഹിഷ്കരിച്ച് ജില്ലയിലെ ഓണ്‍ലൈൻ ടാക്സി തൊഴിലാളികൾ. ഉൗബർ പ്രതിനിധികളുമായി കഴിഞ്ഞദിവസം കൊച്ചിയിൽ നടന്ന ചർച്ച പരാജയപ്പെട്ടതോടെയാണു ജില്ലയിലും ഉൗബർ സന്പൂർണമായി ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചതെന്ന് സെൽഫ് എംപ്ലോയ്ഡ് ഡ്രൈവേഴ്സ് യൂണിയൻ (എഐടിയുസി) ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനതലത്തിൽ ഉൗബർ കാബുകൾ മാത്രമാണു പണിമുടക്കുന്നതെന്നും ജില്ലയിൽ കാബുകളും ഓട്ടോകളും പണിമുടക്കുന്നുണ്ടെന്നും ജില്ലാസെക്രട്ടറി മനു ജേക്കബ് പറഞ്ഞു. കേരള സവാരി ആപ്പ് വഴിയുള്ള ഓട്ടോ, ടാക്സി സർവീസുകൾ ലഭ്യമാണ്.
ജില്ലയിൽ ഓണ്‍ലൈൻ ഓട്ടോ ഡ്രൈവർമാരടക്കം നടത്തുന്ന സമരം നാലുദിവസം പിന്നിട്ടു. മിനിമം നിരക്ക് വർധന അടക്കമുള്ള ആവശ്യങ്ങൾ ഉൗബർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരും. 11 ഇന ആവശ്യങ്ങളാണ് ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാർ ഉന്നയിക്കുന്നത്. കന്പനി വൻതോതിൽ കമ്മീഷൻ ഈടാക്കുകയാണെന്നും ഇന്ധനവില കൂടുതലായി നൽകേണ്ട സാഹചര്യം കടുത്ത പ്രതിസന്ധിക്കു വഴിവച്ചെന്നും ലഭിക്കുന്ന തുക വാഹനത്തിന്റെ മെയിന്റനൻസിനുപോലും തികയുന്നില്ലെന്നും ഡ്രൈവർമാർ ആരോപിച്ചു.
യൂണിയൻ ജില്ല പ്രസിഡന്റ് കെ.എൻ. രഘു, ജോയിന്റ് സെക്രട്ടറി ഡിബീഷ് ബാലൻ, ഷെമീർ വാകയിൽ, ഉനൈസ് ഉമ്മർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.