പറവൂർ: ഊവർ ടാക്സിയിൽ സഞ്ചരിക്കുകയായിരുന്ന പശ്ചിമ ബംഗാൾ സ്വദേശികളിൽ നിന്ന് 35 കിലോ കഞ്ചാവ് പിടികൂടി. രാജ (21), സാബുജ് (19) എന്നിവരാണ് പിടിയിലായത്. പറവൂർ ചേന്ദമംഗലം കവലക്ക് തെക്കുഭാഗത്തു വച്ച് ശനിയാഴ്ച രാവിലെയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ആലുവയിൽ ട്രെയിൻ മാർഗമെത്തിയ ശേഷമാണ് ഇവർ ലക്ഷ്യസ്ഥാനത്തേക്ക് ഊബർ ടാക്സി വിളിച്ചത്. ട്രാവൽ ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ടാക്സി ഡ്രൈവർ എറണാകുളം റൂറൽ എസ്പി സുദർശന് രഹസ്യ സന്ദേശം നൽകുകയായിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമും, മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പറവൂർ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.