മലപ്പുറം: ഹോം വർക്ക് ചെയ്തില്ലെന്ന് ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചെന്ന് പരാതി. കൽപകഞ്ചേരി കല്ലിങ്ങൽ എംഎസ്എം എച്ച്എസ്എസിലെ വിദ്യാർഥിക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ വിദ്യാർഥിയുടെ രക്ഷിതാക്കൾ ബാലാവകാശ കമ്മീഷന് പരാതി നൽകി. കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാൻ സ്കൂൾ അധികൃതർ തയാറായില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
വീട്ടിലെത്തിയ ശേഷം രക്ഷിതാക്കളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എക്സ്റേ പരിശോധനയിലാണ് കൈയിലെ എല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.