ഹൃദയങ്ങളെ തൊടുന്ന കലയാണ് അധ്യാപനം. ‘മാതാപിതാ ഗുരോ ദൈവം’ എന്നതിന്റെയർഥം അച്ഛനുമമ്മയും ഗുരുവും ചേർന്ന ത്രിത്വമാണ് ഒരു വ്യക്തിയെ സൃഷ്ടിക്കുന്ന ദൈവം എന്നുകൂടിയാണ്.
(ഇന്ന് ത്രിത്വത്തിനൊപ്പം സോഷ്യൽ മീഡിയ എന്നും ചേർക്കേണ്ടിവരും!) മക്കളിൽ ഒരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞിട്ടില്ലാത്ത അച്ഛനമ്മമാരുടെ മക്കളെപ്പോലും അധ്യാപകർ മഹത്വത്തിലേക്ക് കൈപിടിക്കാറുണ്ട്. ഒരുകാലത്ത് ഗുരുത്വമില്ലായ്മ-കുരുത്തക്കേട് ആയിരുന്നു ഏവരും വീഴുന്ന ആഴമുള്ള കുഴി.
ഗുരുത്വം കുട്ടികൾക്കുണ്ടാകണമെങ്കിൽ ഗുരുത്വമുള്ള അധ്യാപകരുണ്ടാകണം. നിറഞ്ഞ ആദരവോടെ എത്ര ദൂരെനിന്നും മനസുകൊണ്ട് വണങ്ങാൻ തോന്നുന്ന വ്യക്തികളാകണം അധ്യാപകർ. ഇന്ന് അധ്യാപകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സമൂഹത്തിലെ ജീർണതകളിലേക്ക് വീണുപോകാതിരിക്കുക എന്നതുതന്നെയാണ്.
എല്ലാ ബന്ധത്തിലുമെന്നപോലെ അധ്യാപക-വിദ്യാർഥി ബന്ധത്തിലും വിള്ളലുകളുണ്ട്. പഠിച്ചിരുന്ന കാലത്ത് എത്ര ശ്രദ്ധകൊടുത്തിട്ടും നമ്മെ നിരാശപ്പെടുത്തിയ ചില കുട്ടികൾ പിന്നീട് പ്രതീക്ഷിക്കാത്ത ഉയരങ്ങളിലെത്തുന്നതു കാണുമ്പോൾ മനസു നിറയാറുണ്ട്.
കണ്ണു നിറയ്ക്കുന്ന അവരുടെ ചിരികൾ കൺമുമ്പിലുണ്ട്. അധ്യാപകരുടെ ആത്മകഥ മുമ്പിലെത്തുന്ന ഓരോ കുട്ടിയുടെയും ജീവിതകഥകൂടിയാണ്. അധ്യാപനത്തിന്റെ മുപ്പത്തിനാലാം വർഷത്തിലെത്തുമ്പോൾ അധ്യാപനം എത്ര ഇഷ്ടമാണെന്നു ചോദിച്ചാൽ, “ദാ ആ കാണുന്ന ആകാശത്തിലെ നക്ഷത്രങ്ങളോളം വരുമത് !”
-ഷിജി വർഗീസ്, പ്രിൻസിപ്പൽ, സെന്റ് തെരേസാസ് എച്ച്എസ്എസ്
വാഴപ്പള്ളി, ചങ്ങനാശേരി