മുംബൈ: ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ച ആഗോള വിവരസാങ്കേതിക മേഖലയെ വലിയ പ്രതിസന്ധിയിലാക്കുന്നു. കമ്പനികൾ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനും ചെലവു ചുരുക്കുന്നതിനുമായി എഐ സാങ്കേതികവിദ്യ വൻതോതിൽ അവലംബിക്കാൻ തുടങ്ങിയതോടെ ലക്ഷക്കണക്കിന് ആളുകൾക്കാണ് ജോലി നഷ്ടപ്പെടുന്നത്.
ആഗോള ടെക് മേഖലയിലെ പിരിച്ചുവിടലുകൾ നിരീക്ഷിക്കുന്ന "Layoffs.fyi' പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2026ന്റെ ആദ്യ പകുതി പിന്നിടുമ്പോൾതന്നെ സാങ്കേതിക മേഖലയിലെ തൊഴിൽ നഷ്ടം 2025ലെ ആകെ കണക്കുകളേക്കാൾ ഉയർന്നുകഴിഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം 2026 ജൂലൈ ഒന്നു വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ആഗോളതലത്തിൽ 1.28 ലക്ഷത്തിലധികം ഐടി ജീവനക്കാർക്കാണ് എഐ നവീകരണങ്ങളുടെ ഭാഗമായി ജോലി നഷ്ടപ്പെട്ടത്.
2025ൽ ഇത് ആകെ 1.25 ലക്ഷമായിരുന്നു. വർഷം പകുതിയാകുമ്പോഴേക്കും കഴിഞ്ഞ വർഷത്തെ മൊത്തം റിക്കാർഡും ഭേദിച്ച ഈ പ്രവണത, വരും മാസങ്ങളിലും ശക്തമായി തുടരുമെന്നതിന്റെ സൂചനയാണ് നൽകുന്നത്. കമ്പനികൾ തങ്ങളുടെ പ്രവർത്തനങ്ങൾ ഓട്ടോമേഷനിലേക്കും എഐ ടൂളുകളിലേക്കും വേഗത്തിൽ മാറ്റുന്നതാണ് ഈ ജീവനക്കാരുടെ പുനഃക്രമീകരണത്തിനു പ്രധാന കാരണം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ പ്രവണത ടെക് മേഖലയിൽ ദൃശ്യമാണ്. 2020ൽ ഏകദേശം 81,000 ആയിരുന്ന ആഗോള പിരിച്ചുവിടൽ 2021ൽ ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ 2022ൽ ഇത് 1.65 ലക്ഷമായും, 2023ൽ എക്കാലത്തെയും ഉയർന്ന നിരക്കായ 2.66 ലക്ഷമായും ഉയർന്നു. 2024ലും 2025ലും ഇതിൽ നേരിയ കുറവുണ്ടായെങ്കിലും, 2026ന്റെ ആദ്യ ആറുമാസത്തിനുള്ളിൽതന്നെ സ്ഥിതി വീണ്ടും ഗുരുതരമായിരിക്കുകയാണ്. തൊഴിൽ വിപണിയിൽ എഐ വരുത്തുന്ന ആഘാതം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ആഗോളതലത്തിൽ എഐ മൂലമുണ്ടായ തൊഴിൽ നഷ്ടത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് അമേരിക്കയാണ്. 2020 ജനുവരി മുതൽ 2026 ജൂലൈ വരെയുള്ള കണക്കനുസരിച്ച് ആകെ പിരിച്ചുവിടലിന്റെ 71.33 ശതമാനവും അമേരിക്കയിലാണ് നടന്നത്. എന്നാൽ ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യയാണ് എന്നത് രാജ്യത്തെ ഐടി മേഖലയ്ക്ക് വലിയ ആശങ്കയുണ്ടാക്കുന്നു; ആകെ തൊഴിൽ നഷ്ടത്തിന്റെ 7.16 ശതമാനം ഇന്ത്യയിലാണ്. ജർമനി (3.43 ശതമാനം), ബ്രിട്ടൻ (2.64 ശതമാനം) എന്നിവയാണ് ഇന്ത്യക്ക് പിന്നാലെയുള്ള മറ്റു രാജ്യങ്ങൾ.
ഇന്ത്യക്കുള്ളിൽ വിവിധ മേഖലകളെ ഈ പ്രതിസന്ധി വ്യത്യസ്ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് വിദ്യാഭ്യാസ മേഖലയാണ് (എഡ്-ടെക്); ആകെ പിരിച്ചുവിടലിന്റെ 21.67 ശതമാനവും ഈ മേഖലയിലാണ് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ ഫിനാൻസ് മേഖലയിൽ 14.73 ശതമാനവും, ഫുഡ് ഡെലിവറി അനുബന്ധ മേഖലകളിൽ 12.26 ശതമാനവും തൊഴിൽ നഷ്ടം രേഖപ്പെടുത്തി.
ഗതാഗതം (11.03 ശതമാനം), ഉപഭോക്തൃ സേവന ബിസിനസുകൾ (11 ശതമാനം) എന്നിവയാണ് തൊട്ടുപിന്നിൽ. മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ്, എഐ ഡെവലപ്മെന്റ് തുടങ്ങിയ പുതിയ മേഖലകളിൽ പുത്തൻ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും, പരമ്പരാഗത ഐടി ജോലികളുടെ ആവശ്യകത എഐ വ്യാപനത്തോടെ വൻതോതിൽ കുറയുകയാണ്.