തൃശൂർ: പണം തട്ടിയെടുക്കുകയും കൂടുതൽ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും ചെയ്ത ഹണിട്രാപ് പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ.
പുത്തൂർ സ്വദേശിയുടെ വനിതാസുഹൃത്തായ മാന്ദാമംഗലം ഒറ്റക്കുന്നിൽ അലോന(19), അലോനയുടെ ആണ്സുഹൃത്ത് കല്ലൂർ അറങ്ങാശേരി ജോയൽ (20), മാന്ദാമംഗലം മുരിക്കിൻപ്പാറ വാകക്കുഴിയിൽ ലിഷ(40), തൃശൂർ കൂർക്കഞ്ചേരി വടൂക്കര കളപ്പാട്ടിൽ വീട്ടിൽ ആഷിദ് (32), പാലക്കാട് യാക്കര ചടനാംകുറിശി മൈത്രിനഗറിലെ അൻസാർ (26) എന്നിവരാണു പിടിയിലായത്.
കഴിഞ്ഞ പത്തിനാണു കേസിനാസ്പദമായ സംഭവം. അലോനയുടെ നിർദേശത്തിലാണു പരാതിക്കാരന്റെ കാറിൽ ഇരുവരും പാലക്കാട്ടേക്കുപോയത്.
അലോനയുടെ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ മറ്റു പ്രതികൾ പാലക്കാട് ടിപ്പുസുൽത്താൻ കോട്ടയ്ക്കു സമീപമുള്ള ഹോട്ടൽ റൂമിലേക്ക് അതിക്രമിച്ചുകയറുകയും മർദിക്കുകയുമായിരുന്നു. കാറിന്റെ താക്കോൽ, പഴ്സ്, മൊബൈൽ ഫോണ് എന്നിവ പിടിച്ചുവാങ്ങി.
അലോനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പകർത്തിയശേഷം പഴ്സിലുണ്ടായിരുന്ന 9,000 രൂപ, ഗൂഗിൾപേ വഴി 16,500 രൂപ എന്നിവ തട്ടിയെടുത്തു. തുടർന്നു രണ്ടുലക്ഷം രൂപകൂടി നൽകിയില്ലെങ്കിൽ ചിത്രങ്ങളും വീഡിയോയും ഭാര്യക്ക് അയച്ചുകൊടുത്തും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചും നാണം കെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.