Health
പല്ലിലെ പോടിനു പ്രായപരിധിയില്ല. ഇതു പ്രശ്നകാരിയുമാണ്. കുട്ടികളിൽ തുടങ്ങി മുതിർന്നവരിൽവരെ ദന്തക്ഷയം ഉണ്ടാകുന്നു. ആരംഭഘട്ടത്തിൽതന്നെ ശ്രദ്ധിച്ചാൽ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ ഇല്ലാതാക്കാം.
പോടുണ്ടാകുന്നത്...
ഭക്ഷണാവശിഷ്ടങ്ങളെ ബാക്ടീരിയകൾ ദഹിപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അമ്ലങ്ങൾ ദന്തോപരിതലത്തിലെ ധാതുക്കളെ അലിയിക്കുകയും ജൈവ തന്മാത്രകളെ നശിപ്പിക്കുകയും ചെയ്യുന്നതു മൂലമുണ്ടാകുന്ന രോഗമാണ് പല്ലിലെ പോട് അഥവാ ദന്തക്ഷയം.
സ്ട്രപ്റ്റോ കോക്കസ്, ലാക്റ്റോബാസിലസ് വംശത്തിൽപ്പെട്ട ജീവാണുക്കളാണ് പൊതുവിൽ ദന്തക്ഷയത്തിനു കാരണമാകുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ അസഹ്യവേദനയ്ക്കും പല്ലുകൾ നഷ്ടപ്പെടുന്നതിനുമിടയാകും.
പുള്ളി വീണു തുടങ്ങുമ്പോൾ..
ആരംഭഘട്ടത്തിൽ ദന്തോപരിതലത്തിൽ നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ കാണപ്പെടുന്നതാണ് ദന്തക്ഷയത്തിന്റെ തുടക്കം (വെളുത്ത ചോക്കിന്റെ നിറം). ഇതു പുരോഗമിക്കുമ്പോൾ ഉപരിതലം പരുപരുത്തതാവുകയും കാലക്രമേണ അവിടെ സുഷിരങ്ങൾ രൂപപ്പെടുകയുംചെയ്യുന്നു.
ബാക്ടീരിയകൾ ഭക്ഷണാവിഷ്ടങ്ങളെ പ്രത്യേകിച്ച് സുക്രോസ്, ഫ്രക്റ്റോസ്, ഗ്ലൂക്കോസ് മുതലായ കാർബോഹൈഡ്രേറ്റുകളെ പുളിപ്പിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന അമ്ലങ്ങളാണ് ദന്തക്ഷയത്തിനു കാരണം.
ദന്തോപരിതലത്തിലെ ധാതുക്കൾ അലിഞ്ഞ് നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ കാണപ്പെടുന്നതാണ് ദന്തക്ഷയത്തിന്റെ തുടക്കം. വെളുത്ത ചോക്കിന്റെ നിറത്തിൽ കാണപ്പെടുന്ന ഇത് പ്രാഥമിക ദന്തക്ഷയം (ഇൻസിപ്പിയന്റ് കേരീസ്) എന്ന് അറിയപ്പെടുന്നു.
ധാതുക്കളുടെ അലിഞ്ഞുപോകൽ തുടരുമ്പോൾ പരുപരുത്ത പ്രതലങ്ങൾ തവിട്ടുനിറമാവുകയും ദ്വാരങ്ങളായി രൂപാന്തരപ്പെടുകയുംചെയ്യുന്നു.
ദ്വാരങ്ങൾ രൂപപ്പെടുന്നതിനു മുന്നേ നാം വേണ്ടപോലെ ശുചീകരണമാർഗങ്ങൾ ഉപയോഗിച്ചാൽ ഈ നശീകരണപ്രക്രിയയ്ക്ക് പ്രതിപ്രവർത്തനം സംഭവിച്ചേക്കാം. ദ്വാരങ്ങൾ രൂപപ്പെട്ടശേഷം നഷ്ടപ്പെട്ട ദന്തഘടന പുനർജനിപ്പിക്കാനാവില്ല.
പുളിപ്പും വേദനയും
പ്രതിപ്രവർത്തനം സംഭവിച്ച പ്രാഥമിക ദന്തക്ഷയം തിളങ്ങുന്ന തവിട്ടുനിറത്തിലും സജീവമായ ദന്തക്ഷയം പരുപരുത്ത തവിട്ടുനിറത്തിലും കാണപ്പെടുന്നു. ദന്തക്ഷയം പല്ലിലെ ഇനാമലും ഡെന്റീനും നശിപ്പിച്ചുകഴിയുന്പോഴാണ് പലപ്പോഴും ശ്രദ്ധയിൽപ്പെടുന്നത്.
ദന്തക്ഷയമുള്ള പ്രതലങ്ങൾ നിറവ്യത്യാസത്തിലും മൃദുവായും കാണപ്പെടുന്നു. ദന്തക്ഷയം ഇനാമലും കടന്ന് ഡെന്റീനിലെത്തുമ്പോൾ അതിലുള്ള സൂക്ഷ്മധമനികളെ ഉത്തേജിപ്പിക്കുന്നു. തത്ഫലമായി നമുക്കു പുളിപ്പും വേദനയും അനുഭവപ്പെടുന്നു.
ചൂടും തണുപ്പമുള്ള ഭക്ഷണ പദാർഥങ്ങൾ, മധുരം, പുളി എന്നിവ ചിലപ്പോൾ ഈ വേദനയുടെ ആക്കം കൂട്ടാം. ദന്തക്ഷയം വായ്നാറ്റത്തിനും വായിൽ ദുഷിച്ച രുചിക്കും കാരണമാകുന്നു. തീവ്രമാകുമ്പോൾ പഴുപ്പിനും കാരണമാകുന്നു.
ശ്രദ്ധിക്കാതെയിരുന്നാൽ അതു സമീപ ശരീരഭാഗങ്ങളിലേക്കു പടരുകയും ജീവനുതന്നെ ഭീഷണിയാകുന്ന ലുഡ്വിഗ്സ് ആഞ്ജെന(Ludwig's angina) പോലുള്ള സങ്കീർണ അവസ്ഥകളായും രൂപാന്തരപ്പെടാം.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല
9447219903
Health
ഇന്റർ ഡെന്റൽ ബ്രഷ് എന്തിന്?
ബോട്ടിൽ ബ്രഷിന്റെ ആകൃതിയിലുള്ള വളരെ ചെറിയ ബ്രഷ്. ഇതിന്റെ അറ്റത്തുള്ള ഭാഗം മാറ്റാവുന്നതാണ്. പല്ലുകൾക്കിടയിൽ വിടവുകളുണ്ടെങ്കിൽ ഈ ബ്രഷ് ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ സാധിക്കും.
അമിതമായി ഭക്ഷണസാധനങ്ങൾ കയറുന്ന വിടവുകൾ ഉണ്ടെങ്കിൽ എല്ലാ ദിവസവും ഇന്റർ ഡെന്റൽ ബ്രഷ് കൂടി ഉപയോഗിച്ച് ക്ലീൻ ചെയ്യണം.
ഒരറ്റത്ത് ഒറ്റ ബ്രിസിൽസ് മാത്രമുള്ള ബ്രഷുകൾ പല്ലുകൾക്കിടയിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിന് ഫലപ്രദമാണ്.
ടങ് ക്ലീനിംഗ് എങ്ങനെ?
ടങ് ക്ലീനിംഗ് അഥവാ നാക്കു വൃത്തിയാക്കുന്നത് നാക്കിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കും. എന്നാൽ ടങ് ക്ലീനർ ഉപയോഗിക്കുന്ന രീതി, അതിന് ഉപയോഗിക്കുന്ന ഉപകരണം.... അത് വളരെ പ്രാധാന്യമുള്ളതാണ്.
വളരെ ഷാർപ്പ് ആയിട്ടുള്ള ടങ് ക്ലീനർ ഉപയോഗിക്കുന്നത് നാക്കിൽ സ്ഥിരമായി ചെറിയ മുറിവുകൾ ഉണ്ടാകാൻ കാരണമാകുന്നു. ടൂത്ത് ബ്രഷ് കൊണ്ട് വളരെ മൃദുവായി ക്ലീൻ ചെയ്താൽ മതിയാകും. ഇതിനായി പ്രത്യേകം ഡിസൈൻ ചെയ്ത ക്ലീനറുകളും ലഭ്യമാണ്.
വാട്ടർ പിക്ക് എപ്പോൾ?
ഇത് ഒരു ദന്ത ശുചീകരണ ഉപാധിയാണ്. കൂടുതൽ ശക്തിയിൽ ഒരു സ്ഥലത്തേക്ക് വെള്ളം ചീറ്റുന്നതു മൂലം അഴുക്കുകളും രോഗാണുക്കളും പല്ലിൽ നിന്നും മോണയിൽ നിന്നും നീക്കം ചെയ്യപ്പെടുന്നത് വളരെ ഉപയോഗപ്രദമാണ്.
ഇംപ്ലാന്റ് ബ്രിഡ്ജ് എന്ന ചികിൽസ നടത്തിയാൽ ഇതു മോണയുമായി ചേരുന്ന ഭാഗം സ്വന്തമായി ക്ലീൻ ചെയ്യുന്നതിനും പ്ലാക്കിന്റെ അംശം ക്ലീൻ ചെയ്യുന്നതിനും വാട്ടർ പിക്ക് വളരെ നല്ലതാണ്.
വാട്ടർ പിക്കിന്റെ അറ്റത്തുള്ള ട്യൂബ് മാറ്റി ഇടാൻ പറ്റുന്നതാണ്. ഇതിൽ വെള്ളത്തിനു പകരം മൗത്ത് വാഷുകൾ ഉപയോഗിക്കാനും സാധിക്കും.
ഡെൻജർ ക്ലീനിംഗ് എങ്ങനെ?
പല്ലു സെറ്റുകൾ വച്ചിട്ടുള്ളവർ എങ്ങനെ അത് ക്ലീൻ ചെയ്യണം എന്ന് കൃത്യമായി അറിഞ്ഞിരിക്കണം. രോഗിക്ക് എടുത്തു മാറ്റാൻ സാധിക്കുന്നതോ മുഴുവനായുള്ളതോ ഭാഗികമായുള്ളതോ ആയ പല്ല് സെറ്റുകൾ എല്ലാ ദിവസവും രണ്ടുനേരം കഴുകി വൃത്തിയാക്കേണ്ടതാണ്.
പല്ല് സെറ്റ് അടപ്പുള്ള ഒരു പാത്രത്തിൽ വെള്ളത്തിൻ ഇട്ടു വയ്ക്കണം. കൂടുതൽ അഴുക്ക് ഉണ്ടാകാതിരിക്കാൻ ഡെൻജർ ക്ലീനിംഗ് ടാബ്ലറ്റ് വെള്ളത്തിൽ ലയിപ്പിച്ചു തയാറാക്കുന്ന ലായനിയിൽ ഇട്ടുവയ്ക്കാൻ ശ്രദ്ധിക്കണം.
ഇത് പൂപ്പലും രോഗാണുബാധയും തടയും. തിരിച്ചു വായിൽ വയ്ക്കുമ്പോൾ നന്നായി കഴുകാനും ആവശ്യമെങ്കിൽ സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യാനും ഓർമിക്കണം.
ഡെൻജറിൽ (പല്ലു സെറ്റ്)ബ്രഷ് ഉപയോഗിക്കുമ്പോൾ കൂടുതൽ ശക്തി കൊടുക്കാതിരിക്കുക.
പ്രഫഷണൽ ക്ലീനിംഗ് എപ്പോൾ?
വർഷത്തിൽ ഒരിക്കൽ ദന്ത ഡോക്റുടെ അടുത്ത് എത്തിയുള്ള പ്രഫഷണൽ ക്ലീനിംഗ് ആവശ്യമാണ്. ഇത് മോണയുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പ്രധാനമാണ്.
മോണയു ടെയും പല്ലുകളുടെയും ഇടയിൽ പറ്റിയിരിക്കുന്ന എല്ലാ അഴുക്കുകളും നീക്കം ചെയ്യുകയും തുടർന്ന് അഴുക്ക് വീണ്ടും ഉണ്ടാകാതിരിക്കാൻ പോളിഷിംഗും റൂട്ട് പ്ലെനിങ്ങും നടത്തുന്നു.
ക്ലീൻ ചെയ്യുമ്പോൾ എല്ലാ പല്ലുകളുടെയും എല്ലാ വശങ്ങളിലും ഇൻസ്ട്രുമെന്റ് എത്തുകയും പോടോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് നിർണയിക്കാൻ ദന്തഡോക്ടർക്കു സഹായകമാവുകയും ചെയ്യും.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല - 9447219903.
Health
പല്ല് ക്ലീൻ ചെയ്യണം എന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് ഒരു ദന്ത ചികിത്സകനെയാണ്. എന്നാൽ, പല്ല് ക്ലീനിംഗിന്റെ അവസാനഭാഗം മാത്രമായിരിക്കണം ദന്താശുപത്രിയിൽ ചെയ്യേണ്ടത്.
ആദ്യഭാഗം ശുചീകരണം സ്വന്തമായി ദിനവും ചെയ്യേണ്ടതാണ്.
1. ഹോം ദന്തൽ ക്ലീനിംഗ്, 2. പ്രൊഫഷണൽ ദന്തൽ ക്ലീനിംഗ്
ഹോം ദന്തൽ ക്ലീനിംഗ്
ഇത് ദിവസവും നാം ചെയ്യുന്ന ബ്രഷിംഗിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല. വിവിധതരത്തിലുള്ള ബ്രഷുകൾ ഇന്ന് നമുക്ക് ലഭ്യമാണ്.
സൂപ്പർമാർക്കറ്റിൽ നിന്നു ലഭിക്കുന്ന ബ്രഷുകൾ മാത്രമല്ല ദന്ത ചികിത്സകൻ നിർദേശിക്കുന്ന ബ്രഷുകൾ(ഉദാ: ഇന്റർ ഡെന്റർ ബ്രഷ്, ഇന്റർ പ്രോക്സിമൽ ബ്രഷ്, ഫ്ലോസ്...ഇത്തരത്തിലുള്ള ശുചീകരണ ഉപാധികൾ) വാങ്ങി ഉപയോഗിക്കേണ്ടതാണ്.
ആദ്യമായി ഒരു സ്വയം അവലോകനം
ആവശ്യമാണ്. നമ്മൾ ശരിയായ രീതിയിലാണോ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് എന്നതാണ് അവലോകനം ചെയ്യേണ്ടത്. ഒരു ഡോക്ടറുടെ സഹായം ആവശ്യമെങ്കിൽ തേടാം.
1. ഏതുതരത്തിലാണ് പല്ലു തേക്കേണ്ടത് എന്ന് മാതാപിതാക്കൾ നമ്മെ പഠിപ്പിച്ചിട്ടുണ്ടോ?
2. പഠിപ്പിച്ചിട്ടുണ്ടെങ്കിൽ ആ രീതികൾ ശരിയാണോ എന്ന് ഉറപ്പു വരുത്തണം.
ഡെന്റൽ ഫ്ലോസ്
പല്ലു തേക്കുന്നതിനൊപ്പം തന്നെ പ്രാധാന്യം നൽകേണ്ട കാര്യമാണ് ഫ്ലോസിംഗ്. ഫ്ലോസ് ഒരു നൂലാണ്. ഇത് പല്ലുകൾക്കിടയിലുള്ള സ്ഥലത്ത് കടത്തി ക്ലീൻ ചെയ്യേണ്ടതാണ്.
പലതരത്തിലുള്ള ഫ്ലോസുകൾ പല രീതിയിൽ ലഭ്യമാണ്. ഇത് ഡെന്റൽ പ്ലാക്കിനെയും ഭക്ഷണ അവശിഷ്ടങ്ങളെയും പൂർണമായും നീക്കം ചെയ്യുന്നു.
പ്രത്യേകിച്ച് നാരുകൾ, മാംസ അവശിഷ്ടങ്ങൾ... ഇവ എടുത്തു മാറ്റാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് ഫ്ലോസിംഗ്.
പല്ലുകളുടെ 30% ത്തോളം ഭാഗം അടുത്ത പല്ലുകളോടു ചേർന്നാണ് ഇരിക്കുന്നത്. ഈ ഭാഗത്തു ബ്രഷുകൾ എത്തുന്നില്ല,
ഫ്ലോസിംഗും ബ്രഷിംഗും കൂടെ ചേരുമ്പോൾ സമ്പൂർണ ഹോം ക്ലീനിംഗ് ആകുന്നു.
ഫ്ലോസ് പിക്
ഡെന്റൽ ഫ്ലോസിനോടൊപ്പം ടൂത്ത്പിക്ക് ഉള്ള ഡിസ്പോസിബിൾ ഫ്ലോസുകൾ ലഭ്യമാണ്. ഇത്തരത്തിലുള്ള ഫ്ലോസുകൾ ഒരു പ്രാവശ്യം ഉപയോഗത്തിനുശേഷം കളയേണ്ടതാണ്.
പല്ലിന്റെ ഇട കുത്തുന്ന രീതി ശരിയല്ല എങ്കിൽ പല്ലുകൾക്കിടയിലെ എല്ല് നഷ്ടപ്പെടുത്താനും അവിടെ സ്ഥിരമായി ഒരു ഇടം ഉണ്ടാകാനും കാരണമാകും.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല 9447219903.