National
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണലിൽ കോൺഗ്രസ് കിതയ്ക്കുന്നു. നിലവിലെ സൂചനകൾ പ്രകാരം കോൺഗ്രസിന് ഏഴു സീറ്റിൽ മാത്രമാണ് മുന്നേറ്റം നടത്താൻ കഴിയുന്നത്.
സീമാഞ്ചൽ മേഖലയിലാണ് കോൺഗ്രസ് പിടിച്ചു നിൽക്കുന്നത്. ആർജെഡിയുടെ തോളിലേറിയാണ് കോൺഗ്രസ് മത്സരരംഗത്തേക്കുവന്നെങ്കിലും അവരുടെ പല മുതിർന്ന നേതാക്കളും പിന്നിൽ നിൽക്കുകയാണ്. കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ചിരുന്ന കോൺഗ്രസിന് 19 സീറ്റിൽ മാത്രമാണ് വിജയിച്ചത്.
അതിനാൽ തന്നെ ഇത്തവണ കോൺഗ്രസിന്റെ സീറ്റുകൾ വെട്ടിക്കുറച്ചിരുന്നു. പ്രചാരണ രംഗത്ത് രാഹുൽ ഗാന്ധിയും തേജ്വസി യാദവും സജീവമായിരുന്നെങ്കിലും മുന്നേറ്റം നടത്താൻ അവർക്ക് കഴിയുന്നില്ല. നിലവിൽ ആർജെഡി 51 സീറ്റിൽ മുന്നേറുകയാണ്. ലീഡ് നിലയിൽ എൻഡിഎ കേവലഭൂരിപക്ഷത്തിലെത്തി.
ജെഡിയുവിനെ പിന്നിലാക്കി എൻഡിഎയിലെ പ്രധാനകക്ഷിയായി ബിജെപി മാറുന്ന ചിത്രമണ് ബിഹാറിൽ വീണ്ടും തെളിയുന്നത്. അലിനഗറിൽ ബിജെപിയുടെ മൈഥിലി ഠാക്കൂർ മുന്നിൽ നിൽക്കുകയാണ്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിൽ 133 -159 സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 75-101 സീറ്റുകൾ നേടും. മറ്റുള്ളവർ രണ്ടു മുതൽ അഞ്ചുവരെ സീറ്റ് നേടും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് 32% ജനങ്ങൾ പിന്തുണയ്ക്കുന്നത് തേജസ്വി യാദവിനെയാണെന്നും സർവേയിൽ പറയുന്നു. മാട്രിസ് സർവേ പ്രകാരം എൻഡിഎ 147-167 സീറ്റുകൾ നേടുമെന്നും ഇന്ത്യാ സഖ്യം 70-90 വരെ സീറ്റുകളും മറ്റുള്ളവർ 2-6 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു.
ന്യൂസ് 18 മെഗാ പോൾ പ്രകാരം എൻഡിഎ 60 - 70 വരെ സീറ്റുകളും ഇന്ത്യാ സഖ്യം 45 - 55 വരെ സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു. ദൈനിക് ഭാസ്കറിന്റെ സർവേ പ്രകാരം എൻഡിഎ145 -160, ഇന്ത്യാ സഖ്യം 73-91, മറ്റുള്ളവർ 5-10 സീറ്റുകൾ നേടും.
പീപ്പിൾസ് ഇൻസൈറ്റ് എക്സിറ്റ് പോളിൽ എൻഡിഎ 133-148 സീറ്റുകൾ നേടും. ഇന്ത്യാ സഖ്യത്തിന് 87 മുതൽ 102 വരെയും ജൻ സുരാജിന് പരമാവധി രണ്ടു സീറ്റും മറ്റുള്ളവർക്ക് മൂന്നു മുതൽ ആറു സീറ്റുമാണ് പ്രവചിക്കുന്നത്.
ടൈംസ് നൗ-ജെവിസി സർവേ പ്രകാരം എൻഡിഎ 135 മുതൽ 150 സീറ്റുവരെ നേടും. ഇന്ത്യാ സഖ്യം 88 മുതൽ 103 സീറ്റുവരെ നേടുമെന്നാണ് പ്രവചനം. എൻഡിഎക്ക് 130 മുതൽ 138 സീറ്റുവരെ ലഭിക്കുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പ്രവചനം.
ഇന്ത്യാ സഖ്യം 100 മുതൽ 108 സീറ്റുവരെ നേടുമെന്നും മറ്റുള്ളവർ മൂന്നുമുതൽ ഏഴുവരെ സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വിധിയെഴുത്ത് ചൊവ്വാഴ്ച നടക്കും. 20 ജില്ലകളിലെ 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ ബൂത്തിലേക്കെത്തുന്നത്. കഴിഞ്ഞ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 121 മണ്ഡലങ്ങളാണ് വിധിയെഴുതിയത്.
64.46 ശതമാനമായിരുന്നു പോളിംഗ്. അവസാനവട്ട പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച വിവിധയിടങ്ങളിൽ റാലികൾ നടന്നു. ഇന്ത്യാ സഖ്യം നുഴഞ്ഞുകയറ്റക്കാർക്ക് ഇടനാഴി ഒരുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണ റാലിക്കിടെ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ വ്യാവസായിക ഇടനാഴി ഒരുക്കി.
ഇന്ത്യാ സഖ്യം നുഴഞ്ഞുകയറ്റക്കാർക്കുള്ള ഇടനാഴി ഒരുക്കുകയാണ്. രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്ര നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം വോട്ട് കൊള്ള ആരോപണവുമായി ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം തുടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എങ്ങോട്ടുതന്നെ പോയാലും വോട്ടു കൊള്ളയുടെ പേരി പിടിക്കപ്പെടുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
പരസ്യ പ്രചാരണത്തിന്റെ അവസാന ദിനവും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി വിമര്ശനം ഉന്നയിച്ചു. നിതീഷ് കുമാറുമായുള്ള സഹകരണം അടഞ്ഞ അധ്യായമായി കഴിഞ്ഞെന്ന് ലാലു പ്രസാദ് യാദവും പ്രതികരിച്ചു.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഒൻപത് വരെ 13 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറിന് അവസാനിക്കും. പ്രശ്നബാധിത മേഖലകളിൽ വൈകുന്നേരം അഞ്ചിന് പോളിംഗ് അവസാനിക്കും.
ആദ്യ ഘട്ടത്തിൽ ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 121 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സഹർസയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 15.27 ശതമാനം, അതേസമയം ലഖിസാരായിയിൽ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് (ഏഴ് ശതമാനം). സംസ്ഥാന തലസ്ഥാനമായ പാറ്റ്നയിൽ, രാവിലെ ഒൻപത് വരെ 11.22% പോളിംഗ് രേഖപ്പെടുത്തി.
രാഘോപൂരിൽ നിന്ന് മത്സരിക്കുന്ന മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് രാവിലെ വോട്ട് രേഖപ്പെടുത്തി.
National
പാറ്റ്ന: ബിഹാറില് ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഇന്ത്യാ സഖ്യം സർക്കാർ രൂപീകരിച്ചാൽ "മയി ബഹിൻ മാൻ യോജന പ്രകാരം'30,000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലെത്തുമെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ചു.
മകരസംക്രാന്തി ദിനമായ ജനുവരി 14ന് എല്ലാ സ്ത്രീകളുടെയും അക്കൗണ്ടുകളിലേക്ക് പണം എത്തുമെന്നും ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥികൂടിയായ തേജസ്വി വ്യക്തമാക്കി. ഞാൻ പല സ്ഥലങ്ങളിലും പോയി സ്ത്രീകളുമായി സംവദിച്ചു.
ബിഹാറിലെ എല്ലാ അമ്മമാരും സഹോദരിമാരും "മയി ബഹിൻ മാൻ യോജന'യെക്കുറിച്ച് ആവേശത്തിലാണ്. ഈ പദ്ധതി അവർക്ക് സാമ്പത്തിക നീതി ഉറപ്പാക്കുമെന്ന് ആളുകൾ പറയുന്നുവെന്നും തേജസ്വി പറഞ്ഞു.
ആർജെഡിയും കോൺഗ്രസും സംയുക്ത തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മായ് ബഹിൻ മാൻ യോജന വാഗ്ദാനം ചെയ്തിരുന്നു. താങ്ങുവില കൂടാതെ നെല്ലിന് ക്വിന്റലിന് 300 രൂപയും ഗോതമ്പിന് 400 രൂപയും വീതം നൽകും.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും. സർക്കാർ ജീവനക്കാരെ അവരുടെ സ്വന്തം ജില്ലക്ക് 70 കിലോമീറ്റർ പരിധിക്കുള്ളിൽ മാറ്റി നിയമിക്കുമെന്നും തേജസ്വി പറഞ്ഞു. അധികാരത്തിൽ വന്നാൽ എല്ലാ കുടുംബത്തിൽനിന്നും ഒരാൾക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് മറ്റന്നാള് ജനവിധി തേടുക. ഇന്ത്യാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്ഥി തേജസ്വി യാദവ്, നിലവിലെ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി , കായിക മന്ത്രി മൈഥിലി ഠാക്കൂര് തുടങ്ങി പ്രമുഖരാണ് ആദ്യഘട്ടത്തില് ജനവിധി തേടുന്നത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മഹാസഖ്യത്തിന്റെ പ്രകടനപത്രിക ചൊവ്വാഴ്ച പുറത്തിറക്കും. സാമൂഹിക നീതിക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രകടനപത്രികയാണ് പുറത്തിറക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
ഓരോ കുടുംബത്തിനും ജോലിയും ഉപജീവനവും ഉൾപ്പെടെയുള്ള തേജസ്വി യാദവിന്റെ വാഗ്ദാനങ്ങളും സൗജന്യ വൈദ്യുതി, സബ്സിഡിയുള്ള ഗ്യാസ് സിലിൻഡറുകൾ തുടങ്ങിയ കോൺഗ്രസിന്റെ വാഗ്ദാനങ്ങളും ചേർത്തായിരിക്കും പ്രകടനപത്രിക.
ബുധനാഴ്ച മുസഫർപുരിലും ദർഭംഗയിലും നടക്കുന്ന സംയുക്ത റാലികളിൽ തേജസ്വിയും രാഹുൽ ഗാന്ധിയും പ്രസംഗിക്കും. ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം സംബന്ധിച്ച് എൻഡിഎ ചോദ്യമുയർത്തിയിരുന്നു.
National
രഘോപുർ: രഘോപുർ മണ്ഡലത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവ് ലക്ഷ്യമിടുന്നു. 3.4 ലക്ഷം വോട്ടർമാരാണ് ഗംഗാതീരത്തുള്ള മണ്ഡലത്തിലുള്ളത്. തേജസ്വിയുടെ മാതാപിതാക്കളും ബിഹാർ മുൻ മുഖ്യമന്ത്രിമാരുമായ ലാലു പ്രസാദ് യാദവും റാബ്റി ദേവിയും മുമ്പ് രഘോപുരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1995-ലാണ് ലാലു ഇവിടെനിന്നു വിജയിച്ചത്; റാബ്റി ദേവി 2000ലും. ലാലു രണ്ടു തവണയും റാബ്റി മൂന്നു തവണയും രഘോപുരിൽനിന്നു വിജയിച്ചു.
2015ൽ, ഇരുപത്തിയഞ്ചാം വയസിലാണ് തേജസ്വി യാദവ് രഘോപുരിൽ കന്നിയങ്കത്തിനിറങ്ങിയത്. ഇത്തവണ ഇന്ത്യ മുന്നണിയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയായാണ് തേജസ്വിയുടെ വരവ്. കോൺഗ്രസും മൂന്ന് ഇടതുപാർട്ടികളും വികാസ്ശീൽ ഇൻസാൻ പാർട്ടിയും (വിഐപി) തേജസ്വിക്ക് ഉറച്ച പിന്തുണ നല്കുന്നു. മത്സ്യത്തൊഴിലാളികളായ നിഷാദ് വിഭാഗത്തിന് മണ്ഡലത്തിൽ കാര്യമായ സ്വാധീനമുണ്ട്.
നിഷാദ് വിഭാഗമാണ് വിഐപിയുടെ വോട്ട്ബാങ്ക്. യാദവ് വിഭാഗമാണ് രഘോപുരിലെ ഏറ്റവും പ്രബലർ. 20 വർഷമായി യാദവ വിഭാഗത്തോടു നിതീഷ്കുമാർ ചിറ്റമ്മനയമാണു പുലർത്തിയതെന്ന് മണ്ഡലത്തിലെ ഒരു യുവ വോട്ടർ അഭിപ്രായപ്പെടുന്നു.
രഘോപുരിൽ 2010 ൽ റാബ്റി ദേവിയെ പരാജയപ്പെടുത്തിയ സതീഷ്കുമാർ ആണ് ബിജെപി സ്ഥാനാർഥി. തുടർച്ചയായി മൂന്നാം തവണയാണ് രഘോപുരിൽ തേജസ്വി-സതീഷ്കുമാർ പോരാട്ടം അരങ്ങേറുന്നത്. 2010-ൽ ജെഡി-യു ടിക്കറ്റിലായിരുന്നു സതീഷ്കുമാർ വിജയിച്ചു.
രണ്ടു തവണ ഉപമുഖ്യമന്ത്രിയായിട്ടും ഒരു ഡിഗ്രി കോളജോ റഫൽ ആശുപത്രിയോ മണ്ഡലത്തിൽ കൊണ്ടുവന്നിട്ടില്ലെന്ന് സതീഷ്കുമാർ കുറ്റപ്പെടുത്തുന്നു. 2020ൽ 38,000 വോട്ടിനാണ് സതീഷ്കുമാറിനെ തേജസ്വി പരാജയപ്പെടുത്തിയത്. എൻഡിഎയിലെ ഭിന്നതമൂലമാണ് അത്ര വലിയ പരാജയമുണ്ടായതെന്ന് സതീഷ്കുമാർ പറഞ്ഞു.
ചിരാഗ് പാസ്വാന്റെ എൽജെപി 2020ൽ ഒറ്റയ്ക്കു മത്സരിച്ച് 25,000 വോട്ട് നേടിയിരുന്നു. ഇത്തവണ ചിരാഗ് പാസ്വാന്റെ പിന്തുണയുള്ളതിനാൽ തനിക്ക് വിജയം ഉറപ്പാണെന്നാണ് സതീഷ്കുമാർ അവകാശപ്പെടുന്നു. ബിജെപി ഒരിക്കലും രഘോപുരിൽ വിജയിച്ചിട്ടില്ല. 1967ൽ ജനസംഘത്തിന് ഇവിടെ വിജയിക്കാൻ കഴിഞ്ഞു.
രഘോപുരിൽ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ മത്സരിക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, താൻ ഒരിടത്തും മത്സരിക്കുന്നില്ലെന്നു പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചു. ചഞ്ചൽ സിംഗ് ആണ് ജൻ സുരാജ് പാർട്ടി സ്ഥാനാർഥി.
രഘോപുരിൽ 13 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. തേജസ്വിയുടെ മൂത്ത സഹോദരൻ തേജ് പ്രതാപിന്റെ ജനശക്തി ജനതാ ദൾ സ്ഥാനാർഥിയും ഇവിടെ മത്സരിക്കുന്നു. തേജ് പ്രതാപിന്റെ ഉറ്റ അനുയായി പ്രേംകുമാർ ആണ് സ്ഥാനാർഥി.
National
പാറ്റ്ന: ബിഹാറിൽ ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ വഖഫ് ഭേദഗതി നിയമം ചവറ്റുകൊട്ടയിൽ എറിയുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. കത്തിഹാർ, കിഷൻഗഞ്ച്, അരാരിയ ജില്ലകളിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാർഥി ഇക്കാര്യം പ്രഖ്യാപിച്ചത്.
രാജ്യത്തെ വർഗീയശക്തികളുമായി തന്റെ പിതാവ് ലാലു പ്രസാദ് യാദവ് ഒരിക്കലും സന്ധിചെയ്തിട്ടില്ലെന്നും തേജസ്വി പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രി നിതീഷ് കുമാർ എല്ലായ്പോഴും അത്തരം ശക്തികളെ പിന്തുണച്ചിട്ടുണ്ട്. അദ്ദേഹം കാരണമാണ് ആർഎസ്എസും അതിന്റെ പരിവാര സംഘടനകളും സംസ്ഥാനത്തും രാജ്യത്തും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതെന്നും തേജസ്വി ആരോപിച്ചു.
നിതീഷ് കുമാർ കെട്ടിക്കിടക്കുന്ന വെള്ളം പോലെയായി; അത് ഒഴുകുന്നത് നിർത്തി. ഇപ്പോൾ അത് ദുർഗന്ധം വമിപ്പിക്കുന്നു. അതിനാൽ, എൻഡിഎ സർക്കാരിനെ പുറത്താക്കണം- അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയാൽ വാർധക്യ പെൻഷൻ 2,000 രൂപയായി ഉയർത്തുമെന്നും തേജസ്വി വാഗ്ദാനം ചെയ്തു.
National
ബിഹാറിൽ ആര്ജെഡി അധികാരത്തില് എത്തിയാല് സംസ്ഥാനത്തെ ഓരോ വീട്ടിലും കുറഞ്ഞത് ഒരാള്ക്കെങ്കിലും സര്ക്കാര് ജോലി ഉറപ്പാക്കുമെന്ന് തേജസ്വി യാദവ്.
സര്ക്കാര് രൂപീകരിച്ച് ഇരുപത് ദിവസത്തിനകം തൊഴില് ഉറപ്പാക്കുന്നതിനായി നിയമമുണ്ടാക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. ആര്ജെഡി അധികാരമേറ്റ് 20 മാസത്തിനുളളില് സംസ്ഥാനമൊട്ടാകെ പദ്ധതി പൂര്ണമായും നടപ്പാക്കുമെന്നും ഒരു വീട്ടിലും സര്ക്കാര് ജോലി ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ലെന്നും തേജസ്വി യാദവ് വ്യക്തമാക്കി.
"ഈ വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങള് ശാസ്ത്രീയ പഠനങ്ങള് നടത്തിയിട്ടുണ്ട്. ജോലി ആവശ്യമുളള കുടുംബങ്ങളുടെ പട്ടിക തന്നെ ഞങ്ങളുടെ കൈവശമുണ്ട്. സാധ്യമാകുന്ന പ്രഖ്യാപനം മാത്രമേ ഞങ്ങള് നടത്തുകയുളളു. വ്യാജ വാഗ്ദാനങ്ങളില്ല, ആരെയും വഞ്ചിക്കുന്നുമില്ല. വാഗ്ദാനം പാലിക്കുമെന്ന് പറയാന് തെളിവ് നല്കേണ്ട കാര്യവുമില്ല.': തേജസ്വി യാദവ് പറഞ്ഞു.
National
പറ്റ്ന: ബിഹാറിൽ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ ഒരു വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന വമ്പൻ പ്രഖ്യാപനവുമായി ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. അധികാരമേറ്റു കഴിഞ്ഞാൽ ആദ്യത്തെ മന്ത്രിസഭായോഗത്തിൽ തന്നെ ഈ നിർദേശത്തിൽ ഒപ്പുവയ്ക്കും.
20 മാസത്തിനുള്ളിൽ സർക്കാർ ജോലിക്കാരില്ലാത്ത ഒരു വീടുപോലും ബിഹാറിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമാണിതെന്നും ഇനിയും പല പ്രഖ്യാപനങ്ങളും വരാനുണ്ടെന്നും തേജസ്വി വ്യക്തമാക്കി.
കഴിഞ്ഞ 20 വർഷമായി യുവാക്കൾക്കു ജോലി നൽകാൻ എൻഡിഎ സർക്കാരിനു കഴിഞ്ഞില്ല. താൻ സർക്കാരിന്റെ ഭാഗമായിരുന്ന ചെറിയ സമയത്ത് അഞ്ചുലക്ഷം പേർക്കാണു തൊഴിൽ നൽകിയത്.
എനിക്ക് അഞ്ചുവർഷം സമയം ലഭിച്ചാൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നിങ്ങൾ സങ്കൽപ്പിച്ചു നോക്കൂ. ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രമെ താൻ പറയൂ. ഇത് എന്റെ പ്രതിജ്ഞയാണെന്നും തേജസ്വി വ്യക്തമാക്കി.