ന്യൂഡൽഹി: ടെലഗ്രാം മെസ്സേജിംഗ് ആപ്പ് വഴി സിനിമകളുടെയും ഒടിടി ഉള്ളടക്കങ്ങളുടെയും വ്യാജ പതിപ്പുകൾ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിൽ പ്ലാറ്റ്ഫോമിന് നോട്ടീസയച്ച് കേന്ദ്ര സർക്കാർ. വിവരസാങ്കേതിക-വാർത്താവിതരണ മന്ത്രാലയമാണ് ടെലഗ്രാമിന് നോട്ടീസയച്ചത്.
വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന ചാനലുകൾക്കെതിരെയും ഗ്രൂപ്പുകൾക്കെതിരെയും അടിയന്തര നടപടി സ്വീകരിക്കണമെന്നും, ഇതുവരെ എടുത്ത നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
ഇന്ത്യയിലെ ചലച്ചിത്ര വ്യവസായം, നിർമാതാക്കൾ, വിതരണക്കാർ, പ്രക്ഷേപകർ, ഒടിടി പ്ലാറ്റ്ഫോമുകൾ എന്നിവരുടെ സാമ്പത്തിക താൽപര്യങ്ങളും 'ക്രിയേറ്റർ ഇക്കോണമി'യും സംരക്ഷിക്കുക എന്നതാണ് ഈ നടപടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
തീയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകളും ഒടിടി പ്ലാറ്റ്ഫോമുകളിലെ പ്രീമിയം ഷോകളും റിലീസ് ചെയ്യുന്ന ദിവസം തന്നെ ടെലഗ്രാം വഴി വ്യാപകമായി ചോരുന്നതായി പരാതി ഉയർന്നിരുന്നു. വ്യാജ രേഖകൾ, ഓൺലൈൻ തട്ടിപ്പുകൾ, സെൻസിറ്റീവ് ഉള്ളടക്കങ്ങളുടെ പ്രചാരണം എന്നിവയുടെ പേരിൽ കഴിഞ്ഞ കുറച്ചുകാലമായി ടെലഗ്രാം ഇന്ത്യൻ സർക്കാരിന്റെ കർശന നിരീക്ഷണത്തിലാണ്.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകളും ചോദ്യപേപ്പറുകളും പ്രചരിപ്പിച്ചതിനെ തുടർന്ന് മുൻപ് കേന്ദ്ര സർക്കാർ ഇന്ത്യയിൽ ടെലഗ്രാമിന് താത്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് ഇപ്പോൾ വ്യാജ ഉള്ളടക്കങ്ങൾ തടയാൻ കർശന നടപടിയുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.