പേരൂർക്കട: ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 90-ാം വാർഷികവുമായി ബന്ധപ്പെട്ട് കരമന ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ പൈതൃക തെരുവുകളിലൂടെ വിളംബര ഘോഷയാത്ര നടത്തി.
മുന്നൂറിൽപ്പരം വർഷം പഴക്കം വരുന്ന കരമനയിലെ ആറ്റിൻകര തെരുവ്, നാഗമ്മയ്യ സ്ട്രീറ്റ്, ഇരട്ടത്തെരുവ്, തെലുങ്ക് ചെട്ടിത്തെരുവ് എന്നിവിടങ്ങളിലൂടെ കടന്നുപോയ ഘോഷയാത്രയ്ക്ക് റെസിഡൻസ് അസോസിയേഷനുകൾ, ക്ഷേത്ര ഭാരവാഹികൾ, തൊഴിലാളി സംഘടനകൾ, പോലീസുകാർ, പൂർവ വിദ്യാർഥി സംഘടനകൾ എന്നിവരാണ് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കിയത്.
1936 നവംബർ 12നാണ് ചിത്തിരത്തിരുനാൾ ബാലരാമവർമ മഹാരാജാവ് അവർണർക്കും ക്ഷേത്രത്തിൽ പ്രവേശിക്കുവാനുള്ള വിളംബര പ്രഖ്യാപനം നടത്തിയത്. സ്കൂളിൽ നിന്നും രാവിലെ 9.30ന് തുടങ്ങിയ ഘോഷയാത്ര 11 മണിയോടെ സമാപിച്ചു.
വിവിധ സ്വീകരണ യോഗങ്ങളിൽ വാർഡ് കൗൺസിലർ കരമന അജിത്, പിടിഎ പ്രസിഡന്‍റ് സജിത്ത്, പ്രിൻസിപ്പൽ ബിലു, ഹെഡ്മിസ്ട്രസ് മിനി, സ്റ്റാഫ് സെക്രട്ടറി ശ്രീദേവി എന്നിവർ പ്രസംഗിച്ചു.