Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temples In Abroad

വിദേശത്ത് ഇസ്കോൺ ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടാൽ... കീർത്തി ആസാദിന്‍റെ കുറിപ്പ് ചർച്ചയാകുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരേ മുൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായ കീർത്തി ആസാദിന്‍റെ കുറിപ്പ് ചർച്ചയാകുന്നു. ഇന്ത്യയിൽ പള്ളികൾ ആക്രമിക്കപ്പെടുന്നത് വിദേശങ്ങളിലെ ഹിന്ദു ക്ഷേത്രങ്ങളുടെ സുരക്ഷയെ ബാധിച്ചേക്കില്ലേ എന്ന പരോക്ഷ ചോദ്യമാണ് കീർത്തി ആസാദ് ഉയർത്തുന്നത്. ഇതോടൊപ്പം വിദേശത്തെ ഹിന്ദു മിഷനറി സംവിധാനമായ ഇസ്കോൺ ക്ഷേത്രങ്ങളുടെ പട്ടികയും കീർത്തി ആസാദ് തന്‍റെ പോസ്റ്റിൽ പങ്കുവയ്ക്കുന്നു. വിദേശത്തുള്ള ഇസ്കോൺ (ISKCON) ക്ഷേത്രങ്ങളോട് അവിടുള്ളവർ ഇതേ രീതിയിൽ പെരുമാറിയാൽ എന്തായിരിക്കും സ്ഥിതിയെന്നാണ് മുൻ ബിജെപി നേതാവ് കൂടിയായ ആസാദ് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചോദിക്കുന്നത്.

ഇസ്കോണിനു യൂറോപ്പിൽ ഏകദേശം 135 ക്ഷേത്രങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ബെൽജിയം എന്നിവിടങ്ങളിൽ ശ്രീകൃഷ്ണ നാമത്തിൽ വലിയ ക്ഷേത്രങ്ങളുണ്ട്. കൂടാതെ, റഷ്യയിൽ ഇസ്കോണിന് മുപ്പതിലേറെ കേന്ദ്രങ്ങളുണ്ട്. വടക്കേ അമേരിക്കയിൽ 56 അഫിലിയേറ്റഡ് ഇസ്കോൺ ക്ഷേത്രങ്ങളും മറ്റ് നിരവധി സ്ഥാപനങ്ങളുമുണ്ട്. തെക്കേ അമേരിക്കയിലും 60 ഇസ്കോൺ ക്ഷേത്രങ്ങളുണ്ട്. കാനഡയിൽ 12 ഇസ്കോൺ കേന്ദ്രങ്ങളുണ്ടെന്നും കീർത്തി ആസാദ് പറയുന്നു.

ആഫ്രിക്കയിൽ ഇസ്കോണിന് ആകെ 69 അഫിലിയേറ്റഡ് കേന്ദ്രങ്ങളാണുള്ളത്. ഡർബനിലെ കേന്ദ്രം സവിശേഷ പ്രാധാന്യമുള്ളതായി കരുതപ്പെടുന്നു.
ഇന്ത്യയ്ക്കു പുറമെ ഏഷ്യയിൽ ഇസ്കോണിന് ഏകദേശം 80 കേന്ദ്രങ്ങളുണ്ട്. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറെയും. ഓസ്‌ട്രേലിയയിൽ കൃഷ്ണാസന്ദേശ പ്രചാരണത്തിനായി സമർപ്പിക്കപ്പെട്ട ആറു ക്ഷേത്രങ്ങളുണ്ട്. ന്യൂസിലൻഡിൽ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന നാലു കേന്ദ്രങ്ങളുമുണ്ടെന്നും ആസാദ് പറയുന്നു.

ഹിന്ദു മിഷനറി പ്രവർത്തനത്തിൽ സജീവമായ പ്രസ്ഥാനമാണ് ഇസ്കോൺ. സർവസ്വാതന്ത്ര്യത്തോടുമാണ് ഈ പ്രസ്ഥാനം വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്നത്. മതചടങ്ങുകളും പരിപാടികളും ഇവർ വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്. നിലവിലുള്ള ക്ഷേത്രങ്ങൾ കൂടാതെ പുതിയ ക്ഷേത്രങ്ങൾ നിർമിക്കാൻ പദ്ധതികളുമുണ്ട്. ഇവരുടെ പ്രവർത്തനഫലമായി ആയിരക്കണക്കിനു വിദേശികൾ ഹിന്ദുമത ധർമത്തിലേക്ക് ആകൃഷ്ടരായി എത്തുന്നുണ്ട്. വിദേശങ്ങളിൽ ഹിന്ദു മിഷനറി പ്രവർത്തനം യാതൊരു തടസവുമില്ലാതെ മുന്നേറുമ്പോൾ ഇന്ത്യയിൽ മിഷനറി പ്രവർത്തനത്തിന്‍റെ പേരിൽ ക്രൈസ്തവ സ്ഥാപനങ്ങളെയും വിശ്വാസികളെയും ആക്രമിക്കുന്നതിലെ വൈരുധ്യമാണ് കീർത്തി ആസാദിന്‍റെ കുറിപ്പിലുള്ളതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest News

Corehub Up