പരവൂര്‍: പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) വരിക്കാര്‍ക്ക് വലിയ ആശ്വാസമേകുന്ന പുതിയ പരിഷ്കാരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ വരിക്കാര്‍ക്ക് തങ്ങളുടെ പിഎഫ് തുക യുപിഐ പേമെന്റ് ഗേറ്റ്വേ വഴി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പിന്‍വലിക്കാനാകും.
ഇതിനായുള്ള സാങ്കേതിക പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി കേന്ദ്ര തൊഴില്‍മന്ത്രാലയം അറിയിച്ചു.
ഏഴു കോടിയിലധികം വരുന്ന ഇപിഎഫ്ഒ വരിക്കാര്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പുതിയ ചുവടുവയ്പ്.
നിലവില്‍ പിഎഫ് തുക പിന്‍വലിക്കുന്നതിനുള്ള അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതിന് വലിയ കാലതാമസം നേരിടുന്നുണ്ട്. എന്നാല്‍ പുതിയ സംവിധാനത്തില്‍, വരിക്കാര്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ സാധിക്കുന്ന ഇപിഎഫ് ബാലന്‍സ് തുക കൃത്യമായി കാണാനാകും. തുടര്‍ന്ന് ലിങ്ക് ചെയ്ത യുപിഐ പിന് ഉപയോഗിച്ച് സുരക്ഷിതമായി തുക ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാം.
ഓട്ടോ സെറ്റില്‍മെന്റ് വഴി നിലവില്‍ മൂന്നു ദിവസത്തിനകം പണം ലഭിക്കുന്നതിനുള്ള പരിധി ഒരു ലക്ഷത്തില്‍നിന്ന് അഞ്ചു ലക്ഷം രൂപയായി നേരത്തേ ഉയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് യുപിഐ സംവിധാനവും എത്തുന്നത്.
പിഎഫ് വരിക്കാരിലേക്ക് സേവനങ്ങള്‍ വേഗത്തില്‍ എത്തിക്കുന്നതിനായി വാട്സാപ് പ്ലാറ്റ്ഫോം ഉപയോഗിക്കാനും ഇപിഎഫ്ഒ പദ്ധതിയിടുന്നുണ്ട്. അടുത്ത ഒരു മാസത്തിനുള്ളില്‍ ഈ സേവനം നിലവില്‍വരും.
ഇപിഎഫ്ഒയുടെ ഗ്രീന്‍ ടിക് മാര്‍ക്കുള്ള ഔദ്യോഗിക വാട്സാപ് നമ്പറിലേക്ക് ഹലോ എന്നു ടൈപ്പ് ചെയ്ത് അയച്ച് വരിക്കാര്‍ക്ക് സംശയനിവാരണം നടത്താം.
വരിക്കാരുടെ സൗകര്യാര്‍ഥം മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ ഈ വാട്സാപ് സേവനം ലഭ്യമാകും. 24 മണിക്കൂറും ഈ സംവിധാനം പ്രവര്‍ത്തിക്കും.
പിഎഫ് ബാലന്‍സ്, അവസാനത്തെ അഞ്ച് ഇടപാടുകളുടെ വിവരങ്ങള്‍, ക്ലെയിം സ്റ്റാറ്റസ് എന്നിവയെല്ലാം വാട്സാപ് വഴി വിരല്‍ത്തുമ്പില്‍ അറിയാം. കൂടാതെ, ഡിജിറ്റല്‍ തിരിച്ചറിയല്‍ സാങ്കേതികവിദ്യകളായ ഫേസ് ഓഥന്റിക്കേഷന് പോലുള്ളവ പൂര്‍ത്തിയാക്കാത്തവര്‍ക്കും ഡിബിടി ആനുകൂല്യങ്ങള്‍ തടസപ്പെട്ടവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ വാട്സാപ് വഴി ലഭ്യമാക്കും.
വിവിധ ഉപഭോക്തൃ കോടതികളിലും ട്രൈബ്യൂണലുകളിലുമായി കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഇപിഎഫ്ഒ നടത്തിയ പ്രത്യേക കാമ്പയിനുകള്‍ വന്‍ വിജയമായതായും മന്ത്രാലയം അറിയിച്ചു. നിധി ആപ്കെ നികത് പരിപാടിയിലൂടെ ഉപഭോക്തൃ കോടതികളിലെ കേസുകള്‍ ഗണ്യമായി കുറച്ചു. പത്തു വര്‍ഷത്തിലേറെയായി കെട്ടിക്കിടന്നിരുന്ന ദീര്‍ഘകാല കേസുകളില്‍ 45.4 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.