ന്യൂഡൽഹി: രാജ്യത്തെ എല്ലാ വസ്ത്ര ബ്രാൻഡുകളിലും ഒരേ സൈസ് മാനദണ്ഡം നടപ്പാക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.
അടുത്ത തവണ നിങ്ങൾ ഒരു മീഡിയം സൈസ് ഷർട്ടോ മറ്റേതെങ്കിലും വസ്ത്രമോ തെരഞ്ഞെടുക്കുന്പോൾ വ്യക്തിഗത ശരീരപ്രകൃതികൾ എന്തുതന്നെയായാലും ബ്രാൻഡ് ഏതായാലും നിങ്ങൾക്ക് ലഭ്യമാകുന്നത് ഒരേ അളവിലുള്ള ഒരു വസ്ത്രമായിരിക്കും.
യൂറോപ്പിലെയും യുഎസിലെയും മാതൃകയിൽ രാജ്യവ്യാപകമായി ഏകീകൃത സൈസ് ചാർട്ട് നടപ്പാക്കുകയാണ് ലക്ഷ്യം. നിലവിൽ ഓരോ ബ്രാൻഡിനും സ്വന്തം സൈസ് എന്ന നിലയിലാണ് വിപണിയിലെത്തുന്നത്. അളവിൽ ഏകീകൃത മാനദണ്ഡങ്ങൾ വരുന്നത് ഇന്ത്യയിൽ വസ്ത്രങ്ങൾ വാങ്ങുന്നത് ആശയക്കുഴപ്പം കുറഞ്ഞ ഒന്നായി മാറ്റിയേക്കും.
ബ്രാൻഡുകളിലുടനീളം വസ്ത്രങ്ങളുടെ അളവുകൾ ഏകീകരിക്കുന്നതിനായി ടെക്സറ്റൈൽസ് മന്ത്രാലയം ഒരു ദേശീയ അപ്പാരൽ സൈസിംഗ് ചട്ടക്കൂട് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
ടെക്സ്റ്റൈൽസ് മന്ത്രാലയം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ സംവിധാനത്തിൽ സംഖ്യാ അളവുകളെ മാത്രം ആശ്രയിക്കുന്നതിനു പകരം സ്മോൾ (S), മീഡിയം (M), ലാർജ് (L) തുടങ്ങിയ അക്ഷരത്തിലുള്ള സൈസ് ലേബലുകൾ കൊണ്ടുവരാനാണ് കേന്ദ്ര തീരുമാനം.
ഇത് ഷോപ്പിംഗ് കൂടുതൽ എളുപ്പമാക്കുകയും രാജ്യത്തെ റീട്ടെയിൽ മേഖലയിൽ വസ്ത്രങ്ങളുടെ അളവുകളിൽ ഒരേപോലെയുള്ള കൃത്യത ഉറപ്പാക്കുകയുമാണ് ഈ തീരുമാനം കൊണ്ടു ലക്ഷ്യമിടുന്നത്.
കൂടുതൽ വ്യക്തതയോടെ സ്മോൾ, മീഡിയം, ലാർജ് തുടങ്ങിയ സൈസുകൾക്ക് എല്ലാ ബ്രാൻഡുകളിലും ഒരേ അളവ് ഉറപ്പാക്കുന്ന ഏകീകൃത മാനദണ്ഡം നടപ്പാക്കാനാണ് കേന്ദ്ര തീരുമാനം.
ഈ സംരംഭം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി നടപ്പിലാക്കിയ സമഗ്രമായ ആന്ത്രോപോമെട്രിക് (ശരീര അളവ്) പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 15 വയസും അതിനുമുകളിലും പ്രായമുള്ള 25,000-ത്തിലധികം പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീര അളവുകളാണ് ഇതിനായി രേഖപ്പെടുത്തിയത്.
പാശ്ചാത്യ സൈസിംഗ് ചാർട്ടുകളെ ആശ്രയിക്കുന്നതിന് പകരം, ഇന്ത്യൻ ശരീരപ്രകൃതിക്ക് കൂടുതൽ അനുയോജ്യമായ സൈസ് മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിനാണ് ഈ പഠന കണ്ടെത്തലുകൾ ഉപയോഗിക്കുന്നത്.