"ദ മോങ്ക് ഹൂ സോൾഡ് ഹിസ് ഫെരാരി’ എന്ന പ്രശസ്തമായ പുസ്തകത്തിന്റെ തലക്കെട്ടിനെ ഓർമിപ്പിക്കുന്നതാണ് സംഭവം. തന്റെ വ്യാവസായിക ജീവിതം അവസാനിപ്പിച്ച് സന്യാസം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഒരു തായ് വ്യവസായി തന്റെ 60 ലക്ഷം ഡോളർ (6 മില്യണ്‍ ഡോളർ) മൂല്യമുള്ള ഐസ്ക്രീം ബിസിനസ് വിൽപനയ്ക്ക് വയ്ക്കുന്നു. തായ് ഐസ്ക്രീം ബ്രാൻഡായ "ഹാവെൽസിന്റെ’ (Hawell’s) ചെയർമാൻ സിരിപോംഗ് അക്കരസ്രിയുക്, തന്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനു മുൻപ് കന്പനി ഏറ്റെടുക്കാൻ ഒരു പിൻഗാമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
165 മില്യണ്‍ ബാത്ത് (ഏകദേശം 47 കോടി രൂപ) ആണ് സിരിപോംഗ് തന്റെ ബിസിനസിന് വിലയിട്ടിരിക്കുന്നത്. കന്പനിയുടെ സ്ഥലം, ഓഫീസ്, ഫാക്ടറി, ഒൗട്ട്ലെറ്റ്, ട്രേഡ്മാർക്ക്, ബിസിനസ് സാങ്കേതികവിദ്യകൾ, ഐസ്ക്രീം പാചകക്കുറിപ്പുകൾ എന്നിവയെല്ലാം ഈ വിൽപ്പനയിൽ ഉൾപ്പെടുന്നു. ദ മോങ്ക് ഹൂ സോൾഡ് ഹിസ് ഫെരാരി എന്ന കഥയിൽ തന്റെ സന്പത്തും ആഡംബര ഫെരാരി കാറുമാണ് വിൽക്കുന്നതെങ്കിൽ സിരിപോങ്ങിന്റെ കഥയിൽ ഒരു ആഡംബര കാറിന് പകരം ഐസ്ക്രീം ബിസിനസ് ആണെന്ന് മാത്രം.
കഴിഞ്ഞ മാസമിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹാവെൽസിന്റെ സ്ഥാപകൻ തന്റെ പദ്ധതികൾ വെളിപ്പെടുത്തിയത്. "അർഹത്’ - (തീവ്രമായ ആത്മനിയന്ത്രണത്തിലൂടെയും ധ്യാനത്തിലൂടെയും തൃഷ്ണകളെല്ലാം ഇല്ലാതാക്കി നിർവാണം (മോക്ഷം) നേടിയ ആത്മീയ വ്യക്തിയെയാണ് ബുദ്ധമതത്തിൽ "അർഹതൻ’ എന്ന് വിളിക്കുന്നത്.) ആകുക, ആത്മീയജ്ഞാനം നേടുക എന്നിവയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
1999ൽ ഹാവെൽസിന് തുടക്കമിട്ട സിരിപോംഗ്, ബിസിനസ് വ്യാപിപ്പിക്കുന്നതിലുണ്ടായ പ്രയാസങ്ങളും ചൂണ്ടിക്കാണിച്ചു.
എന്തുകൊണ്ടാണ് ഹാവെൽസ് വിൽക്കുന്നത്?
തന്റെ തീരുമാനം ബിസിനസ് സംബന്ധമായ കാരണങ്ങൾ കൊണ്ട് മാത്രമല്ലെന്ന് സിരിപോംഗ് വ്യക്തമാക്കുന്നു. 15 വർഷമായി അദ്ദേഹം സന്യാസ ജീവിതത്തിനായി തയാറെടുക്കുകയാണ്, ഈ മാറ്റത്തിനായി ഇനി രണ്ട് വർഷത്തെ സമയം കൂടിയാണ് അദ്ദേഹം സ്വയം നൽകിയിരിക്കുന്നത്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ സ്ഥലം കണ്ടെത്തി ഒരു വന ആശ്രമം സ്ഥാപിക്കാനാണ് സിരിപോംഗ് ആഗ്രഹിക്കുന്നത്. സന്യാസിയായ ശേഷം ധ്യാനത്തിനും ആത്മീയ സാധനയ്ക്കുമായി അവിടെ തങ്ങി ജീവിതം സമർപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ഏറ്റെടുക്കാൻ ആളെ അന്വേഷിക്കുന്നു
തന്റെ വേർപിരിയലിനു ശേഷം ബിസിനസിന്റെ ചുമതല ഏറ്റെടുക്കാൻ കഴിവുള്ള ഒരാളെയും അദ്ദേഹം അന്വേഷിക്കുന്നുണ്ട്. ഒരു പിൻഗാമിയെ കണ്ടെത്താൻ സഹായിക്കുന്നതിനായി സിരിപോംഗ് അഞ്ചു മില്യണ്‍ ബാത്ത് റഫറൽ ഫീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.