ബാങ്കോക്ക്: തെക്കൻ തായ്ലൻഡിൽ ഫുട്ബോൾ മത്സരത്തിനിടെ മൈതാനത്തുണ്ടായ ഇടിമിന്നലേറ്റ് ഫുട്ബോൾ താരം മരിച്ചു. മത്സരത്തിൽ പങ്കെടുത്ത 12 കളിക്കാർക്ക് പരിക്കേറ്റു.
തായ്ലൻഡിലെ മൂന്നാം ഡിവിഷൻ ക്ലബ്ബായ യാല എഫ്സിയുടെ വിംഗറും സാംകോൾട്സ് ടീം അംഗവുമായ സോഫ്വാൻ അവേ(24) ആണ് ദാരുണമായി മരിച്ചത്.
ചൊവ്വാഴ്ച സുംഗായ് ഗോലോക്കിലെ ശാന്തിപാപ് സ്റ്റേഡിയത്തിൽ പ്രാദേശിക ടൂർണമെന്റായ ‘ഗോലോക് എഫ്എ കപ്പ്’മത്സരത്തിനിടെയായിരുന്നു സംഭവം.
വൻ ശബ്ദത്തോടെ മൈതാനത്ത് മിന്നലടിക്കുന്നതിന്റെയും താരം നിലത്തുവീഴുന്നതിന്റെയും ഭയാനകമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഉടൻതന്നെ സഹകളിക്കാർ ഓടിയെത്തി പ്രഥമശുശ്രൂഷ നൽകുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.