പൂക്കോട്ടുംപാടം: അമരന്പലം അന്പലക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന തൈപ്പൂയ മഹോത്സവം ഭക്തിനിർഭരമായി ആഘോഷിച്ചു. ഗജവീരൻമാരുടെ സാന്നിധ്യത്തിൽ നടന്ന പറ നിറയ്ക്കൽ ചടങ്ങുകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
പ്രസാദ ഉൗട്ടിൽ 2000ലധികം പേർ പങ്കെടുത്തു. മൂന്ന് ഗജവീരൻമാരുടെ അകന്പടിയോടെ വർണാഭമായ നഗരപ്രദക്ഷിണ ഘോഷയാത്രയും ഉണ്ടായിരുന്നു. ചെണ്ടമേളം, ദേവനൃത്തം, ശിങ്കാരിമേളം തുടങ്ങി വിവിധ കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. പൂക്കോട്ടുംപാടം ടൗണ്‍ ചുറ്റി നടന്ന ഘോഷയാത്രയ്ക്കു ശേഷം ക്ഷേത്രത്തിൽ സമൂഹാരാധന, ദീപാരാധന, ചെണ്ടമേളം എന്നിവയും നടത്തി.
നാദഭേരി മ്യൂസിക്കൽ ബാൻഡിന്റെ ഭജന, സമൂഹസദ്യ, മാതൃസമിതിയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര, വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി. ക്ഷേത്രതന്ത്രി കിഴക്കുംന്പാടില്ലത്ത് ശങ്കരൻ നന്പൂതിരിപ്പാട്, മുഖ്യമേൽശാന്തി ശ്രീശൻ നന്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
ക്ഷേത്രം ഭാരവാഹികളായ കെ.എം. ഹരിദാസൻ, എം. അജേഷ്, പി. കുഞ്ഞിരാമൻ, ഉത്സവ കമ്മിറ്റി ഭാരവാഹികളായ സജി ഓലേടത്ത്, സുരേഷ് ബാബു കടന്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.