നടൻ അർജുൻ സർജയുടെ മൂത്ത മകൾ ഐശ്വര്യ അർജുനും നടൻ തമ്പി രാമയ്യയുടെ മകൻ ഉമാപതി രാമയ്യയും വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി നടനും യൂട്യൂബറുമായ ബയിൽവാൻ രംഗനാഥൻ.
ഈ വിഷയത്തിൽ തമ്പി രാമയ്യയെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചെന്നും ബയിൽവാൻ പറഞ്ഞു.
ഉമാപതി അർജുൻ സർജയുടെ ഇളയമകൾ അഞ്ജനയുടെ വിവാഹനിശ്ചയത്തിൽ പങ്കെടുത്തിരുന്നെന്നും നിശ്ചയത്തിനും വിവാഹത്തിനും ഇടയിൽ ഏകദേശം 10 ദിവസത്തെ ഇടവേളയുണ്ടായിരുന്നെന്നുമാണ് ബയിൽവാൻ പറയുന്നത്.
ഒക്ടോബറിൽ ഗ്രീസിൽ വച്ച് നടന്ന അഞ്ജനയുടെ വിവാഹാഘോഷങ്ങളിൽ ഉമാപതിയുടെ അസാന്നിധ്യമാണ് ഇരുവരുടെയും ദാമ്പത്യത്തിൽ വിള്ളൽ വീണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്.
വിദേശത്ത് ആരെയും പരിചയമില്ലാത്ത സാഹചര്യത്തിൽ പത്തു ദിവസം വെറുതെ നിൽക്കേണ്ടതില്ലെന്നും, നാട്ടിൽ ജോലിയും തിരക്കുകളുമുള്ളതിനാലുമാണ് തമ്പി രാമയ്യയും മകനും തിരികെ പോന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഇപ്പോൾ ചില യൂട്യൂബർമാർ ചെറിയ കാര്യങ്ങളെപ്പോലും വല്ലാതെ പെരുപ്പിച്ചു കാട്ടുകയാണ്. പേനിനെ പെരുമാളാക്കിയാൽ പോലും മനസിലാക്കാം, പക്ഷേ ഇവർ പേനിനെ കാട്ടാനയാക്കി മാറ്റുന്നു. ഇത് തികച്ചും തെറ്റായ പ്രവണതയാണ്. അർജുന്റെ ഇളയ മകൾ അഞ്ജനയുടെ വിവാഹത്തിന് ഉമാപതി പോയില്ല എന്നത് സത്യമാണ്.
എന്നാൽ ഗ്രീസിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിൽ ഉമാപതിയും തമ്പി രാമയ്യയും പങ്കെടുത്തിരുന്നു. നിശ്ചയത്തിനും വിവാഹത്തിനും ഇടയിൽ ഏകദേശം പത്തു ദിവസത്തെ ഇടവേളയുണ്ടായിരുന്നു.
ആരെയും പരിചയമില്ലാത്ത വിദേശരാജ്യത്ത് പത്തു ദിവസം വെറുതെ നിൽക്കേണ്ട ആവശ്യമില്ലെന്നും, നാട്ടിൽ അത്യാവശ്യമായി ചെയ്തുതീർക്കേണ്ട ജോലികളുണ്ടെന്നും കരുതിയാണ് തമ്പി രാമയ്യയും മകനും തിരികെ പോന്നത്.
ഈ വാർത്തകൾ പ്രചരിച്ചപ്പോൾ ഞാൻ തമ്പി രാമയ്യയെ ഫോണിൽ വിളിച്ചു ചോദിച്ചു. "അണ്ണാ, ഇതാണ് സത്യം. ഇവർ വെറുതെ ഓരോന്ന് പടച്ചുവിടുകയാണ്. നമുക്ക് ഓരോന്നിനും പിന്നാലെ പോയി മറുപടി പറഞ്ഞുകൊണ്ടിരിക്കാൻ കഴിയുമോ? ഇത്തരം വ്യാജപ്രചാരണങ്ങളൊന്നും എന്റെ മകനെയും മരുമകളെയും ഒട്ടും ബാധിക്കില്ല" എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
അർജുനും ഭാര്യ നിവേദിതയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അവരുടെ മൂത്ത മകളായ ഐശ്വര്യ മൂന്ന് സിനിമകളിൽ അഭിനയിച്ചെങ്കിലും അത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഒരു റിയാലിറ്റി ഷോയിൽ വെച്ചാണ് ഉമാപതിയും ഐശ്വര്യയും സൗഹൃദത്തിലാകുന്നതും പ്രണയത്തിലാകുന്നതും. പ്രണയത്തിലായ ഉടൻ തന്നെ ഐശ്വര്യ ഇക്കാര്യം അർജുനോട് തുറന്നുപറഞ്ഞു. അർജുനും അതിൽ എതിർപ്പൊന്നുമുണ്ടായിരുന്നില്ല.
അതുപോലെ ഉമാപതി ആദ്യം അമ്മയോടും പിന്നീട് അച്ഛനോടും കാര്യം അവതരിപ്പിച്ചു. മകന്റെ ഇഷ്ടവും അർജുന്റെ കുടുംബമഹിമയും കണക്കിലെടുത്ത് തമ്പി രാമയ്യയും സമ്മതം മൂളി. അങ്ങനെ ചെന്നൈയിലെ ആഞ്ജനേയ ക്ഷേത്രത്തിൽ വെച്ച് അവരുടെ വിവാഹം ഗംഭീരമായി നടന്നു.
തമ്പി രാമയ്യയുടെ ഭാര്യയും ഐശ്വര്യയും തമ്മിലുള്ള വഴക്കാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ചിലർ തീ കൊളുത്താൻ നോക്കുന്നുണ്ട്. എന്നാൽ അതിൽ യാതൊരു സത്യവുമില്ല. ഉമാപതിയും ഐശ്വര്യയും മൈലാപ്പൂരിലുള്ള വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. തമ്പി രാമയ്യയും ഭാര്യയും വളസരവാക്കത്താണ് താമസം. അമ്മായിയമ്മ-മരുമകൾ പോര് എന്നതൊക്കെ വെറും കെട്ടുകഥയാണ്. അവർ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്.
വെറുതെ സെൻസേഷണൽ ആക്കാൻ വേണ്ടി മാത്രം ഇത്തരം കിംവദന്തികൾ പടച്ചുവിടുന്നത് ശരിയല്ല. തമ്പി രാമയ്യ സിനിമയിൽ എത്തുന്നതിന് മുമ്പ്, ഒരു സ്ക്രിപ്റ്റ് റൈറ്റർ ആയിരുന്ന കാലം മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. അന്ന് അദ്ദേഹം എഴുതിയ സംഭാഷണങ്ങൾ ഞാൻ ടി.വിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അന്നുമുതൽ എന്നോട് വലിയ ബഹുമാനമാണ് അദ്ദേഹത്തിനുള്ളത്. ഈ വാർത്ത പുറത്തുവന്ന ഉടൻ അദ്ദേഹം എന്നെ ഫോണിൽ വിളിച്ച് സത്യാവസ്ഥ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് ഞാൻ ഈ സത്യം എല്ലാവരോടും തുറന്നുപറയുന്നത്.”