താനൂർ: താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പുരം മൂലക്കൽ സ്വദേശി വലിയകത്ത് പുതിയ ഒറ്റയിൽ അസ്കർ (58) അന്തരിച്ചു.
ഇന്നലെ രാവിലെ ഒന്പതോടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് 12.10 ന് മരിച്ചു. പഞ്ചായത്ത് പ്രസിഡന്റായി ആറ് മാസം കഴിയുന്ന വേളയിലാണ് വിയോഗം.
താനൂർ മൂലക്കൽ നൂർ മസ്ജിദിന്റെയും മദ്രസയുടെയും ജനറൽ സെക്രട്ടറിയായും നടക്കാവ് മഹല്ല് മുഹിയുദീൻ മസ്ജിദ് ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പകരനിരപ്പിൽ ശിഹാബ് തങ്ങൾ ഇന്റർനാഷണൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ കൂടിയായ വി.പി.ഒ. അസ്കർ ഏറെക്കാലം താനാളൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
വീട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ 10 മുതൽ 11 വരെ മൂലക്കൽ അറേബ്യൻ പ്ലാസ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 11.30ന് നടക്കാവ് മുഹിയുദീൻ ജുമാമസ്ജിദിൽ കബറടക്കും. പരേതരായ തൊമ്മിൽ പുതിയകത്ത് അബൂബക്കറിന്റെയും കുഞ്ഞീവിയുടെയും മകനാണ്.
ഭാര്യ: ബുഷ്റ (അധ്യാപിക, എസ്എംയുപി സ്കൂൾ,താനൂർ). മക്കൾ: റഷ, ഷാന നൗറിൻ, നിദ മർയം. മരുമക്കൾ: മാജിദ് റഹ്മാൻ (ഉള്ളണം), സഫ്വാൻ (പുറത്തൂർ മരവന്ത). സഹോദരങ്ങൾ: മുഹമ്മദ് ഇഖ്ബാൽ, റഫീഖ്, സൽമാബീവി, സാബിറ, സഫൂറ.