തിരുവനന്തപുരം: പുതുവത്സര രാത്രിയിൽ വെള്ളറടയിൽ കാറും ഥാർ ജീപ്പും കൂട്ടിയിടിച്ചു. പരിക്കേറ്റവരെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിലും കാരക്കോണം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന വിജയനെ (66) വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിലും കുഞ്ഞമ്മ മത്തായി(90), സുശീല (65), ജോഹാന്‍(14) എന്നിവരെ കാരക്കോണം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
ജീപ്പ് ഓടിച്ചിരുന്ന ചിറയക്കോട് സ്വദേശിയെ വെള്ളറടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇയാൾ പിന്നീട് ഇവിടെനിന്ന് മുങ്ങി. വെള്ളറട പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു വാഹനാപകടം നടന്നത്. പള്ളിയിലെ പുതുവർഷ ആരാധന കഴിഞ്ഞ് പനച്ചമൂട്ടിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തിന്റെ കാറിലേക്ക് അമിത വേഗത്തില്‍ വന്ന ജീപ്പ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. കാറിലുള്ളവര്‍ക്ക് ഗുരുതര പരിക്കും ജീപ്പില്‍ ഉണ്ടായിരുന്ന ഡ്രൈവറിന് നിസാര പരിക്കുമുണ്ട്.
ഥാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നത്. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അപകടത്തിന് പിന്നാലെ ഗതാഗത തടസം സൃഷ്ടിച്ചു കിടന്ന വാഹനങ്ങൾ പോലീസ് വളരെ പണിപ്പെട്ടാണ് റോഡരികിലേക്ക് മാറ്റിയത്. ജീപ്പിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.