തൃശൂർ: രാജ്യാന്തര നാടകോത്സവത്തിലെ വിദേശവിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘ദ ലാസ്റ്റ് പ്ലേ ഇൻ ഗാസ’ എന്ന നാടകം അരങ്ങിലെത്തിയില്ല. കേന്ദ്രസർക്കാർ വീസ നിഷേധിച്ചതിനെതുടർന്ന് നാടകം മാറ്റിവച്ചു.
കേന്ദ്രസർക്കാരിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് വരെ ലഭിച്ചെങ്കിലും വീസയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്ന് സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. പലസ്തീനിലെ ഇൻഡിപെൻഡന്റ് നാടകസംഘത്തിന്റെ 60 മിനിറ്റുള്ള ഈ അറബിക് നാടകത്തിന്റെ അവതരണം ഇന്നലെയാണ് നടക്കേണ്ടിയിരുന്നത്.
യുദ്ധക്കെടുതികൾക്കുമുന്പ് ഗാസയിൽ അവതരിപ്പിച്ച അവസാനനാടകമാണിത്. ഗാസയിലെ സാംസ്കാരികഹത്യക്കെതിരായ പ്രതിരോധമെന്ന നിലയിലാണ് നാടകം അരങ്ങിലെത്തിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ വർഷവും പലസ്തീൻ അനുകൂല ഇസ്രേലി നാടകസംഘത്തിനു വീസ ലഭിക്കുന്നതിൽ പ്രതിസന്ധി നേരിട്ടിരുന്നു.
നാടകോത്സവം അവസാനിക്കുന്നതിനു മുന്പായി ഈ സംഘത്തെ ഇവിടെ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നു കരിവെള്ളൂർ മുരളി അറിയിച്ചു.