തന്നെ അധിക്ഷേപിച്ചവരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷമ പ്രഖ്യാപിച്ചപ്പോൾ പലരും അതിനെ ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവ നിമിഷമായി വിശേഷിപ്പിച്ചു. വ്യക്തിപരമായ അധിക്ഷേപത്തിന് പ്രതികാരമല്ല, ക്ഷമയാണ് മറുപടിയെന്ന് പറയുന്ന ഒരു ദേശീയ നേതാവിന്റെ ഭാഷ തീർച്ചയായും സ്വാഗതാർഹമാണ്. എന്നാൽ രാഷ്ട്രീയ തത്വചിന്തയുടെ വെളിച്ചത്തിൽ നോക്കുമ്പോൾ ഈ സംഭവത്തിന്റെ യഥാർഥ പ്രാധാന്യം ക്ഷമയുടെ പ്രഖ്യാപനത്തിലല്ല. മറിച്ച് ആ ക്ഷമ എങ്ങനെ രൂപപ്പെടുന്നു, ആരാണ് ക്ഷമിക്കുന്നത്, ആരാണ് മാപ്പ് ചോദിക്കുന്നത്, ഏത് അധികാരബന്ധത്തിലാണ് ഈ സംഭാഷണം നടക്കുന്നത് എന്ന ചോദ്യങ്ങളിലാണ്.
ക്ഷമയുടെ രാഷ്ട്രീയ അർഥം
രാഷ്ട്രീയത്തിൽ ക്ഷമയ്ക്ക് എന്താണ് സ്ഥാനം? നിയമവും നീതിയും ശിക്ഷയുമാണ് രാഷ്ട്രീയത്തിന്റെ ഭാഷ. ക്ഷമ വ്യക്തിജീവിതത്തിന്റെയും മതത്തിന്റെയും മേഖലയിലാണ് എന്നായിരുന്നു പൊതുവേയുള്ള ധാരണ.
എന്നാൽ ഹന്നാ ആരെന്റ് ഈ കാഴ്ചപ്പാടിനെ മാറ്റിമറിച്ചു. മനുഷ്യസമൂഹത്തെ പ്രതികാരത്തിന്റെ അനന്തചക്രത്തിൽനിന്ന് മോചിപ്പിക്കുന്ന ധാർമിക ശേഷിയായാണ് അവർ ക്ഷമയെ കണ്ടത്. മനുഷ്യർ ചെയ്യുന്ന പ്രവൃത്തികൾ തിരുത്താനാകാത്തവയാണ്; അതിനാൽ സമൂഹം മുന്നോട്ടു പോകണമെങ്കിൽ ക്ഷമ എന്ന കഴിവ് അനിവാര്യമാണെന്ന് അവർ വാദിച്ചു. എന്നാൽ ആരെന്റിന്റെ ക്ഷമ സമത്വത്തിന്റെ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത്. അത് ഒരാൾ മറ്റൊരാളോട് കാണിക്കുന്ന ഔദാര്യമല്ല. പൗരന്മാർ തമ്മിൽ പരസ്പരം പങ്കിടുന്ന ഒരു പൊതുധാർമികതയാണ്.
ജാക് ദെറിദയുടെ ചിന്ത ഇതിലും കൂടുതൽ ചിന്തോദ്ദീപകമാണ്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ വാദം ഇങ്ങനെയാണ്: യഥാർഥ ക്ഷമയ്ക്ക് വ്യവസ്ഥകൾ ഉണ്ടാകാൻ പാടില്ല. ദെറിദയുടെ ഭാഷയിൽ, രാഷ്ട്രീയത്തിൽ നാം കാണുന്ന മിക്ക ക്ഷമാപ്രഖ്യാപനങ്ങളും അധികാരബന്ധങ്ങളിൽനിന്ന് പൂർണമായി സ്വതന്ത്രമല്ല.
ക്ഷമയോ അധികാരബന്ധമോ?
ഈ ആശയങ്ങൾ ഇപ്പോഴത്തെ സംഭവത്തിലേക്കു കൊണ്ടുവന്നാൽ ചില നിർണായക ചോദ്യങ്ങൾ ഉയരുന്നു.
ആദ്യത്തേത്, മാപ്പ് പറയുന്നവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യമാണ്. രാഷ്ട്രീയ ക്ഷമയ്ക്ക് ധാർമികമൂല്യം ലഭിക്കണമെങ്കിൽ പശ്ചാത്താപവും മാപ്പുപറച്ചിലും സ്വതന്ത്രമായിരിക്കണം. നിയമനടപടികൾ, അറസ്റ്റ്, ദീർഘകാല കേസുകൾ, സാമൂഹിക സമ്മർദം, അധികാരഭീതി, അല്ലെങ്കിൽ തൊഴിൽപരമായ പ്രത്യാഘാതങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഒരു വ്യക്തിയുടെ തീരുമാനത്തെ സ്വാധീനിക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ, ആ മാപ്പുപറച്ചിൽ എത്രത്തോളം സ്വതന്ത്രമാണെന്ന ചോദ്യം സ്വാഭാവികമായും ഉയരും.
രാഷ്ട്രീയ സിദ്ധാന്തം ചോദിക്കുന്ന ചോദ്യം അതിലും അടിസ്ഥാനപരമാണ്: അധികാര അസമത്വമുള്ള സാഹചര്യത്തിൽ പ്രകടിപ്പിക്കുന്ന പശ്ചാത്താപം പൂർണമായും സ്വതന്ത്രമായ ധാർമിക തെരഞ്ഞെടുപ്പാണോ, അതോ അധികാരത്തിന്റെ നിഴൽ അതിനെ ഏതെങ്കിലും രീതിയിൽ സ്വാധീനിക്കുന്നുണ്ടോ? ജനാധിപത്യത്തിൽ ഈ ചോദ്യം ചോദിക്കുന്നത് വ്യക്തികളെ സംശയിക്കുന്നതല്ല; അധികാരവും സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധത്തെ പരിശോധിക്കുന്നതാണ്.
മാർത്ത മിനോ അനുരഞ്ജനത്തെക്കുറിച്ച് എഴുതുമ്പോൾ പറയുന്നത്, യഥാർഥ പുനരൈക്യം സാധ്യമാകണമെങ്കിൽ ഇരുപക്ഷത്തിനും ഒരുപോലെ സംസാരിക്കാനുള്ള ധാർമിക സ്വാതന്ത്ര്യം വേണമെന്നാണ്. ഒരു പക്ഷം ഭയപ്പെടുകയും മറ്റേ പക്ഷം ക്ഷമിക്കുകയും ചെയ്യുന്ന ഘടനയിൽ ഔദാര്യം ഉണ്ടായേക്കാം; എന്നാൽ സമത്വം ഉറപ്പിക്കപ്പെടണമെന്നില്ല.
രക്ഷാകർതൃപരമായ ക്ഷമയുടെ അപകടം
"വഴിതെറ്റിയവരെ തിരുത്തണം' എന്ന പ്രയോഗം ആദ്യനോട്ടത്തിൽ സൗമ്യമായി തോന്നാം. എന്നാൽ ഈ വാക്യത്തിന്റെ വ്യാകരണം ശ്രദ്ധിച്ചാൽ രക്ഷാകർതൃപരമായ ബന്ധമാണ് രൂപപ്പെടുന്നത്. ഒരുവശത്ത് വഴിതെറ്റിയവരുണ്ട്. മറുവശത്ത് അവരെ തിരുത്താൻ ധാർമിക അധികാരമുള്ള ഒരാളുണ്ട്. ഇവിടെ എതിരാളി തുല്യപൗരനല്ല. തിരുത്തപ്പെടേണ്ട വ്യക്തിയാണ്. രാഷ്ട്രീയ ക്ഷമയെക്കുറിച്ച് എഴുതുന്നവർ ഊന്നിപ്പറയുന്നത് ക്ഷമ എതിരാളിയുടെ അന്തസിനെ അംഗീകരിക്കുന്ന ഒരു രാഷ്ട്രീയ ധാർമികതയാണെന്നാണ്.
ഗാന്ധിജി: ക്ഷമയുടെ രാഷ്ട്രീയം
ഇന്ത്യൻ സാഹചര്യത്തിൽ ഈ ചർച്ചയിൽ ഗാന്ധിജിയെ ഒഴിവാക്കാനാവില്ല. "രാഷ്ട്രീയ ക്ഷമ' എന്ന പേരിൽ ഒരു സിദ്ധാന്തം വികസിപ്പിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സത്യഗ്രഹത്തിന്റെ കേന്ദ്രം എതിരാളിയുടെ നാശമല്ല, മനഃപരിവർത്തനമായിരുന്നു. ഹണ്ടറും ആൻഡ്രൂ റിഗ്ബിയും ഗാന്ധിജിയെക്കുറിച്ച് എഴുതുമ്പോൾ ചൂണ്ടിക്കാണിക്കുന്നത്, അദ്ദേഹത്തിന്റെ ക്ഷമ ദൗർബല്യത്തിന്റെ പ്രകടനമായിരുന്നില്ല; മറിച്ച്, ആത്മബലത്തിന്റെ പ്രകടനമായിരുന്നു എന്നതാണ്. അനീതി ചെയ്യുന്ന മനുഷ്യന്റെ മാനവികതയെ പൂർണമായി തള്ളിക്കളയാതിരിക്കലാണ് അതിന്റെ സാരം.
ഗാന്ധിജിയുടെ സമീപനത്തിൽ ഒരു പ്രധാന സവിശേഷതയുണ്ട്. എതിരാളിയെ "വഴിതെറ്റിയവൻ' എന്ന നിലയിൽ മാത്രം കാണാതെ താനും ഉൾപ്പെടുന്ന സമൂഹത്തിന്റെ ധാർമിക അപൂർണതയുടെ ഭാഗമായാണ് അദ്ദേഹം സമീപിച്ചത്. അദ്ദേഹത്തിന് ക്ഷമ മറ്റൊരാളുടെമേൽ ധാർമിക മേൽക്കോയ്മ സ്ഥാപിക്കാനുള്ള ഉപാധിയായിരുന്നില്ല. സത്യത്തിലേക്കുള്ള സംയുക്തയാത്രയുടെ ഭാഗമായിരുന്നു.
വൈകിയെത്തിയ ക്ഷമയുടെ ഭാഷ
ഇവിടെ മറ്റൊരു ചരിത്രപരമായ വൈരുധ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ സമൂഹം ഏറ്റവും കൂടുതൽ ഈ ഭാഷ ആഗ്രഹിച്ച നിമിഷങ്ങൾ വേറെയായിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തിനുശേഷം രാജ്യത്തിന് ആവശ്യമായിരുന്നത് നിയമനടപടികൾ മാത്രമായിരുന്നില്ല. മുറിവേറ്റ ജനവിഭാഗങ്ങളോട് സംസാരിക്കുന്ന ഒരു ധാർമിക ഭാഷയുമായിരുന്നു. ഇവിടെ ചോദ്യം നിയമപരമായ ഉത്തരവാദിത്വത്തെക്കുറിച്ചല്ല; രാഷ്ട്രീയ നേതൃത്വത്തിന്റെ ധാർമിക ഉത്തരവാദിത്വത്തെക്കുറിച്ചാണ്.ചരിത്രത്തിന്റെ മുറിവുകളെ അഭിമുഖീകരിക്കാൻ കഴിയുന്ന രാഷ്ട്രീയമാണ് ഒരു രാഷ്ട്രത്തെ കൂടുതൽ പക്വമാക്കുന്നത്.
ഇന്ത്യയിൽ അപൂർവമായ രാഷ്ട്രീയഭാഷ
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദൗർബല്യങ്ങളിലൊന്ന് പശ്ചാത്താപത്തിന്റെയും മാപ്പുപറച്ചിലിന്റെയും ക്ഷമയുടെയും രാഷ്ട്രീയഭാഷ വികസിപ്പിക്കുന്നതിൽ നാം പിന്നിലായതാണ്. രാജ്യവിഭജനം, 1984ലെ സിഖ് വിരുദ്ധ കലാപം, 1992–93ൽ ബാബ്റി മസ്ജിദ് തകർത്തതിനെ തുടർന്നുണ്ടായ സംഘർഷങ്ങൾ, 2002ലെ ഗുജറാത്ത് കലാപം, 2023ലെ മണിപ്പുർ സംഘർഷം തുടങ്ങി സമൂഹത്തെ ആഴത്തിൽ വിഭജിച്ച നിരവധി സംഭവങ്ങൾ ഇന്ത്യയുടെ ചരിത്രത്തിലുണ്ട്. ഓരോ സംഭവത്തിനും നിയമപരമായും രാഷ്ട്രീയമായും വ്യത്യസ്ത സാഹചര്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവയ്ക്കെല്ലാം പൊതുവായ ഒരു കുറവുണ്ടായിരുന്നു: മുറിവേറ്റ സമൂഹത്തോട് ആത്മപരിശോധനയുടെ ഭാഷയിൽ സംസാരിക്കുന്നതിലെ അപര്യാപ്തത. അതുകൊണ്ടുതന്നെ ഓരോ ദുരന്തവും അവസാനിച്ചിട്ടും അതിന്റെ ഓർമകളും അവിശ്വാസവും തലമുറകളിലേക്ക് പടരുകയാണ്.
ലോകം നമ്മെ പഠിപ്പിക്കുന്ന പാഠങ്ങൾ
മറ്റു രാജ്യങ്ങളുടെ അനുഭവങ്ങൾ ഇതിൽനിന്ന് വ്യത്യസ്തമായ ചില പാഠങ്ങൾ നൽകുന്നു. ദക്ഷിണാഫ്രിക്കയിലെ ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ കമ്മീഷൻ സത്യം മറച്ചുവയ്ക്കാതെ തുറന്നുപറയലിനെയും ഇരകളുടെ അനുഭവങ്ങൾ കേൾക്കുന്നതിനെയും ദേശീയ പുനരൈക്യത്തിന്റെ അടിസ്ഥാനമാക്കി. ജർമനി രണ്ടാം ലോകമഹായുദ്ധത്തിന്റെയും ഹോളോകോസ്റ്റിന്റെയും ചരിത്രത്തെ നിഷേധിക്കാതെ, കുറ്റബോധവും ഉത്തരവാദിത്വവും പൊതുസ്മരണയുടെ ഭാഗമായി സ്വീകരിച്ചു.
കാനഡ തദ്ദേശീയ ജനതയോട് നടത്തിയ ചരിത്രപരമായ അനീതികൾക്ക് ഔപചാരികമായി മാപ്പുപറയുകയും സത്യാന്വേഷണ പ്രക്രിയ ആരംഭിക്കുകയും ചെയ്തു. ന്യൂസിലൻഡ് മാവോറി ജനതയുമായി കരാറുകളിലൂടെയും ഔദ്യോഗിക അംഗീകാരങ്ങളിലൂടെയും ചരിത്രമുറിവുകൾ ഭേദമാക്കാൻ ശ്രമിച്ചു.
ഈ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത് മാപ്പുപറച്ചിൽ ജനാധിപത്യത്തിന്റെ ആത്മവിശ്വാസത്തിന്റെ പ്രകടനമാണെന്നാണ്. അത് ചരിത്രത്തോട് കൂടുതൽ സത്യസന്ധമായി ജീവിക്കാൻ ഒരു സമൂഹത്തെ പ്രാപ്തമാക്കുന്നു.
വിജയിയുടെ ദാനമല്ല ജനാധിപത്യത്തിന്റെ മൂല്യം
രാഷ്ട്രീയത്തിൽ ക്ഷമയുടെ ഭാഷ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാൽ ദെറിദയുടെ മുന്നറിയിപ്പ് ഇവിടെ പ്രസക്തമാണ്: അധികാരമുള്ളവൻ ക്ഷമ പ്രഖ്യാപിക്കുമ്പോൾ അതിന് എപ്പോഴും അധികാരത്തിന്റെ നിഴലുണ്ടാകും. അതുകൊണ്ടുതന്നെ ഓരോ ക്ഷമാപ്രഖ്യാപനത്തോടും നാം ചോദിക്കേണ്ട ചോദ്യങ്ങൾ ഇവയാണ്: ഈ ക്ഷമ സ്വതന്ത്രമാണോ? ഇത് പരസ്പരമാണോ? ഇത് സമത്വത്തെ ശക്തിപ്പെടുത്തുന്നുണ്ടോ? അതോ ധാർമിക മേൽക്കോയ്മയുടെ പ്രകടനമാണോ?
ലേഖകൻ മഹാത്മാഗാന്ധി സർവകലാശാലയിലെ
ഗാന്ധിയൻ പഠനവകുപ്പ് മുൻ ഡയറക്ടറും
ഗാന്ധി മാർഗ് ജേർണലിന്റെ ചീഫ് എഡിറ്ററുമാണ്.