റിലീസിനൊരുങ്ങുന്ന പുതിയ പ്രഭാസ് ചിത്രമാണ് രാജാസാബ്. അടുത്തിടെ പുറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിച്ചിരുന്നു. ട്രെയിലറിന്റെ അവസാന ഭാഗത്ത് ജോക്കർ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്.
ഒരു സ്യൂട്ട് ധരിച്ച് തല താഴ്ത്തി ചുറ്റികയും പിടിച്ച് കാമറയിലേക്ക് പ്രഭാസ് മുഖം ഉയർത്തുമ്പോൾ ജോക്വിൻ ഫീനിക്സിന്റെ ജോക്കറിനോട് സാമ്യമുള്ള മുഖമാണ് കാണാൻ സാധിക്കുന്നത്. പ്രഭാസിന്റെ ഈ ജോക്കർ ലുക്കാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.
നേരത്ത, കൽക്കി 2898 എഡിയിലെ പ്രഭാസിന്റെ ലുക്കിനെ നടൻ ആർഷാദ് വർസി ജോക്കറിനോട് ഉപമിച്ചത് ആരാധകർക്കിടെയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. ഈ വിമർശനത്തെ പ്രഭാസ് ധീരതയോടെ കഥാപാത്രമായി സ്വീകരിച്ചെന്നാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യുന്നത്.
"ഒടുവിൽ, അവൻ ജോക്കർ ആണെന്ന് അംഗീകരിച്ചു. അർഷാദ് വാർസിക്ക് അഭിനന്ദനങ്ങൾ ജവാൻ, പുഷ്പ 2 റിക്കാർഡുകൾ രാജാസാബ് തീർച്ചയായും തകർക്കും'.ഒരാൾ അഭിപ്രായപ്പെട്ടു.
"നീ ഒരു ജോക്കറെ പോലെയായിരുന്നുവെന്ന് പ്രഭാസിനോട് അർഷാദ് വാർസി പറഞ്ഞപ്പോൾ, പ്രഭാസ് ആരാധകർ ഭ്രാന്തന്മാരായി, ഇപ്പോൾ അവൻ തന്നെത്തന്നെ ജോക്കറായി കാണിച്ചു. ഏറ്റവും നന്നായി സ്വയം ട്രോളാൻ പ്രഭാസിനല്ലാതെ മറ്റാർക്കുമാകില്ല'-മറ്റൊരാൾ സമൂഹമാധ്യമത്തിൽ കുറിച്ചു.
ജനുവരി ഒമ്പതിനാണ് രാജാസാബ് തീയറ്ററുകളിൽ എത്തുന്നത്. മാരുതി സംവിധാനം ചെയ്ത ചിത്രത്തിൽ സഞ്ജയ് ദത്ത്, ബോമൻ ഇറാനി, മാളവിക മോഹനൻ, നിധി അഗർവാൾ തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്.